കളി തോക്കില്‍ നിന്നും തീപ്പൊരി പാറി, ഹൈഡ്രജന്‍ ബലൂണ്‍ പൊട്ടിത്തെറിച്ചു; കൊയിലാണ്ടി കാഞ്ഞിലശ്ശേരി ക്ഷേത്രോത്സവത്തിനിടെ ഏഴുവയസുകാരന് പൊള്ളലേറ്റു
കൊയിലാണ്ടി: കളിതോക്കില്‍ നിന്നുള്ള തീപ്പൊരി കാരണം ഹൈഡ്രജന്‍ ബലൂണ്‍ പൊട്ടിത്തെറിച്ച് ഏഴുവയസുകാരന് പൊള്ളലേറ്റു. കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിനിടെ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ചേലിയ സ്വദേശിയായ പൃഥ്വിരാജിനാണ് പൊള്ളലേറ്റത്. കുട്ടിയുടെ കണ്‍പീലികളും പുരികവും തലമുടിയും കരിഞ്ഞിട്ടുണ്ട്. ചുണ്ടിലും മുഖത്തും കഴുത്തിലും പൊള്ളലേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന അച്ഛന്‍ അനൂപിന്റെ ഷര്‍ട്ടിന്റെ കുറച്ചുഭാഗവും കത്തിപ്പോയി. അമ്മ ബിജിലയുടെ കൈയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. അടുത്തുണ്ടായിരുന്ന പൂക്കാട് കേരള ഫീഡ്‌സ് ജീവനക്കാരനായ ബാബുവിനും ചെറിയ തോതില്‍ പൊള്ളലേറ്റെന്ന് അനൂപ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
ബലൂണിനുള്ളില്‍ സ്‌മൈലിയുള്ള തരത്തിലുള്ള ഹൈഡ്രജന്‍ ബലൂണാണ് കുട്ടി വാങ്ങിയത്. പടക്കം പൊട്ടിക്കുന്ന തരത്തിലുള്ള കളിത്തോക്കും വാങ്ങിയിരുന്നു. ബലൂണിന്റെ ചരട് കുട്ടിയുടെ പാന്റിന്റെ ബട്ടന്‍സില്‍ കെട്ടിവെച്ച് ബലൂണ്‍ തലയുടെ ഭാഗത്ത് പൊന്തി നില്‍ക്കുന്ന നിലയിലുമായിരുന്നു. ക്ഷേത്രത്തിലെ ആല്‍മരത്തിന് അരികിലൂടെ നടക്കവെ കയ്യിലെ തോക്ക് കൊണ്ട് കളിക്കുന്നതിനിടെ തീപ്പൊരി ബലൂണിലേക്ക് തെറിക്കുകയായിരുന്നു. ഇതിനു പിന്നാലെ ബലൂണ്‍ പൊട്ടി തീഗോളം പോലെയാവുകയായിരുന്നെന്ന് അനൂപ് പറഞ്ഞു.
ഉടനെ കുട്ടി കാപ്പാടുള്ള ക്ലിനിക്കില്‍ എത്തിക്കുകയും എത്തിച്ചു. ചികിത്സയ്ക്കുശേഷം പിറ്റേന്ന് പുലര്‍ച്ചെയാണ് വീട്ടിലേക്ക് മടങ്ങിയത്.