ലഹരി സംഘം കൈയ്യടക്കി കുറുവങ്ങാടും പരിസരവും; ലഹരി ഉപയോഗ കേന്ദ്രങ്ങളായി കനാല്‍ സൈഡുകളും പുഴയോരങ്ങളും


കൊയിലാണ്ടി: കുറുവങ്ങാട് സെന്‍ട്രല്‍, ശക്തി പരിസരം, കാക്രട്ട് കുന്ന് എന്നിവിടങ്ങള്‍ ലഹരി ഉപയോഗ കേന്ദ്രങ്ങളാവുന്നു. ഇവിടെയുള്ള ബസ് സ്റ്റോപ്പുകള്‍, കനാല്‍ സൈഡുകള്‍, പുഴയോരങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന്, കഞ്ചാവ്, പരസ്യ മദ്യപാനം എന്നിവ വ്യാപകമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

കൊയിലാണ്ടിയിലും പരിസരത്തും പൊലീസിന്റെ എക്‌സൈസിന്റെയും നേതൃത്വത്തില്‍ ലഹരിയ്‌ക്കെതിരെ ശക്തമായ നടപടികള്‍ വരുമ്പോഴും പൂര്‍ണമായി ഈ വിപത്തിനെ തുടച്ചുമാറ്റാനാവുന്നില്ല. ടൗണ്‍ കേന്ദ്രീകരിച്ച് പൊലീസും പൊതുപ്രവര്‍ത്തകരും നിരീക്ഷണം ശക്തമാക്കിയപ്പോള്‍ ലഹരി സംഘങ്ങള്‍ തൊട്ടടുത്തുള്ള പ്രദേശങ്ങള്‍ കേന്ദ്രമാക്കുകയാണ്.

ഇവിടങ്ങളില്‍ കൂടി ശക്തമായ നിരീക്ഷണം വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കൂടാതെ പൊലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് രക്ഷിതാക്കളുടെ കൂടി പിന്തുണ ഉറപ്പാക്കിക്കൊണ്ട് ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.