കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാനാവുന്നില്ല; മോര്‍ച്ചറിയിലെ ഫ്രീസര്‍ കേടായ നിലയില്‍


കൊയിലാണ്ടി: മോര്‍ച്ചറിയിലെ ഫ്രീസര്‍ തകരാറിലായതു കാരണം മൃതദേഹങ്ങള്‍ സൂക്ഷിക്കാനാവാതെ കൊയിലാണ്ടി താലൂക്ക് ആശുപത്രി. രണ്ട് ഫ്രീസറുകള്‍ തകരാറിലായതു കാരണം ഇവിടെയുളള മൃതദേഹങ്ങള്‍ ബീച്ച് ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്ക് മാറ്റുകയാണ്.

കൊയിലാണ്ടി താലൂക്കിലെ അധിക പോസ്റ്റുമാര്‍ട്ടങ്ങളും താലൂക്ക് ആശുപത്രിയില്‍ വച്ചാണ് ചെയ്യാറുണ്ടായിരുന്നത്. എന്നാല്‍ ഫ്രീസര്‍ തകരാറിലായത് കാരണം പോസ്റ്റ്മാര്‍ട്ടം നടത്താന്‍ അസിസ്റ്റന്റ് സര്‍ജന്‍മാരും മടിക്കുകയാണ്.

കേടായ ഫ്രീസറുകളില്‍ ഒന്ന് പെട്ടെന്ന് തന്നെ നന്നാക്കുമെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ പറഞ്ഞു. നിലവില്‍ ആശുപത്രിക്ക് വേണ്ടിയുളള പുതിയ ആറുനില കെട്ടിടത്തിന്റെ നിര്‍മ്മാണം പുരോഗമിച്ചു വരികയാണ്.