കടിയങ്ങാട് വീട്ടുപറമ്പിലെ വെട്ടിയിട്ട കാടുകള്‍ക്ക് തീപടര്‍ന്നത് പരിഭ്രാന്തിപരത്തി; അപകട സാഹചര്യം ഒഴിവാക്കി അഗ്നിരക്ഷാസേന
കടിയങ്ങാട്: കടിയങ്ങാട് വീട്ടുപറമ്പില്‍ തീപടര്‍ന്നത് പരിഭ്രാന്തി പരത്തി. പുല്ലാക്കുന്നത്ത് അമ്മത്ഹാജിയുടെ വീട്ടുപറമ്പിലെ വെട്ടിയിട്ട കാടുകള്‍ക്ക് തീയിട്ടപ്പോള്‍ തീ പടരുകയായിരുന്നു. ശക്തമായ കാറ്റില്‍ തീ പടര്‍ന്നത് സമീപത്തെ വീടുകളിലേക്ക് പടരാതിരിക്കാന്‍ അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.
പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ എം.പ്രദീപന്റെയും പി.സി.പ്രേമന്റെയും നേതൃത്വത്തില്‍ സേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ തീയണച്ചു.
ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനവാസമേഖലയിലും വനമേഖലയിലും ഫയര്‍ബ്രേക്കുകള്‍ നിര്‍മ്മിച്ചല്ലാതെ ചപ്പുചവറുകള്‍ക്കോ അടിക്കാടുകള്‍ക്കോ തീയിടരുതെന്ന് അഗ്‌നിരക്ഷാസേന മുന്നറിയിപ്പ് നല്‍കി. രണ്ട് മീറ്റര്‍ വീതിയില്‍ അടിക്കാടുകളും ചപ്പുചവറുകളും നീക്കം ചെയത് തീ പടരാതെ സുരക്ഷയൊരുക്കുന്നതിനെയാണ് ഫയര്‍ ബ്രേക്ക് എന്ന് പറയുന്നത്.