സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍; കോഴിക്കോട് ജില്ല ഉള്‍പ്പെടെയുളള സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് ഒരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍


തിരുവന്തപുരം: കോഴിക്കോട് ജില്ല ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിംങ് സംവിധാനം ഒരുക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

കോഴിക്കോട്, വയനാട്,കണ്ണൂര്‍, മലപ്പുറം,പാലക്കാട്, തൃശ്ശൂര്‍, തിരുവന്തപുരം, എന്നീ ജില്ലകളിലെ ബൂത്തുകളിലായിരിക്കും വെബ്കാസ്റ്റിങ് ഒരുക്കുക. ബൂത്ത് പിടുത്തം, പണവിതരണം, കള്ള വോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. തത്സമയ നിരീക്ഷണത്തിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ കളക്ടറേറ്റുകളിലുമാണ് കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കുക.

സംസ്ഥാനത്തെ ബാക്കി ആറ് ജില്ലകളില്‍ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. എന്നാല്‍ ഈ ജില്ലകളിലെ മുഴുവന്‍ പ്രശ്‌ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും. ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്ക് പുറത്തും ക്യാമറ സ്ഥാപിക്കും.

അടുത്തിടെയായി നടന്ന പാനൂര്‍ ബോംബ് സ്‌ഫോടനം അടക്കമുളളവയുടെ പശ്ചാത്തലത്തില്‍ വടകരയില്‍ കേന്ദ്ര സേനയെയും വെബ്കാസ്റ്റിംങ് സംവിധാനം ഓരുക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.