ഒരിക്കല്‍പ്പോലും കാണാത്ത അച്ഛന്റെ ഛായാപടം കണ്ട് നിറകണ്ണോടെ കല്ല്യാണി അമ്മ; കീഴരിയൂര്‍ ബോംബ് കേസില്‍ ജയിലടയ്ക്കപ്പെട്ട കുഞ്ഞിരാമന്റെ മകള്‍ക്ക് ഇതിലും വലിയ സമ്മാനം കിട്ടാനില്ല
കീഴരിയൂര്‍: ജീവിതത്തിലൊരിക്കലും കാണാത്ത തന്റെ അച്ഛനെ ഛായാപടത്തിലൂടെ കണ്ട് മനസ്സ് നിറഞ്ഞ് കല്ല്യാണിയമ്മ. കണ്ണിമ ചിമ്മാതെ ചിത്രത്തില്‍ തന്റെ അച്ഛനെ നോക്കുമ്പോള്‍ കല്യാണി അമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ദേശാഭിമാനി പത്രത്തിലെ ഫീച്ചറിനായി ദിലീപ് കീഴൂര്‍ വരച്ച കുഞ്ഞിരാമന്റെ ഛായാചിത്രമാണ് അവരുടെ കണ്ണുകളെ ഈറനണിയിച്ചത്.
കീഴരിയൂര്‍ ബോംബ് കേസിലെ പതിനാലാം പ്രതിയായി ചേര്‍ക്കപ്പെട്ട മുളളങ്കണ്ടി മീത്തല്‍ കുഞ്ഞിരാമന്റെ മകള്‍ കല്യാണിയമ്മയെ ആദരിക്കാനായി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിര്‍മ്മലയും സംഘവും വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ഒരിക്കലും കാണാത്ത തന്റെ അച്ഛന്റെ പടം കണ്ടപ്പോള്‍ സന്തോഷം കൊണ്ട് ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.
കീഴരിയൂര്‍ ബോംബ് കേസില്‍ പ്രതിയാണ് അച്ഛന് എന്ന് മാത്രമേ കല്ല്യാണി അമ്മയ്ക്ക് അറിവുണ്ടായിരുന്നുളളു. അന്ന് 29 വയസ്സുകാരനായ കുഞ്ഞിരാമനെ പോലീസ് ബോംബ് കേസില്‍ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ടു പോകുമ്പോള്‍ ഭാര്യ മാണിക്യം ആറു മാസം ഗര്‍ഭിണിയായിരുന്നു. അനുജന്റെ കൂടെ ഭര്‍ത്താവിനെ കാണാന്‍ നിരന്തരം പോലീസ് സ്റ്റേഷന് കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞിരാമന് കൊയിലാണ്ടി ജയിലില്‍ കഴിയുമ്പോഴായിരുന്നു മകളുടെ ജനനം.
പിന്നീട് പലതവണ മകളെയും കൊണ്ട് കുഞ്ഞിരാമനെ കാണാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആലിപൂര്‍ ജയിലിലേക്ക് കുഞ്ഞിരാമനെ മാറ്റുകയും അവിടെ വച്ച് ക്രൂര മര്‍ദനത്തിന്റെ ഫലമായി 1944 ജൂലൈ 11ന് ജയിലില്‍ വച്ച് അസുഖബാധിതനായി മരണപ്പെടുകയായിരുന്നു.
സ്വാതന്ത്യ സമര സേനാനികളെ ഒറ്റുകൊടുക്കാത്തതിനാലാണ് കുഞ്ഞിരാമനെ ക്രൂരമായി മര്‍ദിക്കുകയും അറസ്റ്റ് ചെയ്തതും. ബ്രിട്ടീഷ് രേഖകളില്‍ ക്ഷയരോഗമായിരുന്നു മരണകാരണം. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ എവിടെയോ മറവു ചെയ്യുകയായിരുന്നു.
പിന്നീട് വിധവയായ മാണിക്യം സഹോദരന്റെ കൂടെ കീഴരിയൂരില്‍ നിന്നും മഞ്ഞക്കുളത്തേയ്ക്ക് പോവുകയായിരുന്നു. മകള്‍ കല്യാണിയെ മുയിപ്പോത്ത് സ്വദേശി കണ്ണന് കല്യാണം കഴിച്ച് അയച്ചു. എട്ട് മക്കളാണ് കല്യാണിയമ്മക്ക്. ഭർത്താവ് കൂത്തപ്പാണ്ടി കണ്ണൻ. മക്കൾ കുഞ്ഞിക്കണാരൻ , ദേവകി, സരസ, രാജൻ, ദേവദാസ്, സുധ, സുതി, സുരേഷ്.
അമ്മ മരിച്ചിട്ട് 25 വര്‍ഷമായി എന്ന് കല്യാണിയമ്മ പറയുന്നു. ഇപ്പോള്‍ ഇളയ മകനൊപ്പമാണ് കല്ല്യാണി അമ്മയുടെ താമസം. കീഴരിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം സുനിലും കീഴരിയൂര്‍ ബോംബ് കേസ് പ്രതിയായ കുറുമയില്‍ നാരായണന്റെ മകന് നിര്‍മ്മല്‍കുമാറും ബോംബ് കേസ് പ്രതിയായ തൈക്കണ്ടി പാച്ചറുടെ കൊച്ചുമകനായ വിനോദ് ആതിരയും മുയിപ്പോത്ത്കാരനായ എന്ആര്രാഘവനും അടങ്ങിയ സംഘമാണ് പ്രസിഡന്റിനൊപ്പം കല്യാണിയമ്മയെ ആദരിക്കാന്‍ എത്തിയത്.
കടപ്പാട്- എ.സജീവ് കുമാര്‍ ദേശാഭിമാനി