അച്ഛന്റെ തമിഴ്‌സ്‌നേഹം മകളും ഏറ്റെടുത്തു; തമിഴ് പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനം നേടി ജി.എച്ച്.എസ്.എസ് പന്തലായനിയിലെ ദിയ രാജേഷ്
കൊയിലാണ്ടി: പുളിയഞ്ചേരി സ്വദേശിനി ദിയയുടെ അച്ഛന്‍ രാജേഷ് ഏറെക്കാലം തമിഴ്‌നാട്ടിലായിരുന്നു. തമിഴ് ഭാഷയോട് പ്രത്യേകം ഇഷ്ടവുമാണ്. അച്ഛന് തമിഴിനോടുള്ള സ്‌നേഹം അറിയാവുന്ന ദിയ ഇത്തവണ കലോത്സവത്തില്‍ തമിഴ് പദ്യം ചൊല്ലി. ആ യാത്ര ഇപ്പോള്‍ സംസ്ഥാന തല കലോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നതുവരെ എത്തിയിരിക്കുകയാണ്.
പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ദിയ ആദ്യമായി ഈ വര്‍ഷമാണ് തമിഴ് പദ്യം ചൊല്ലല്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. വൈരമുത്തു രചിച്ച ‘മുതല്‍ മുതലാ അമ്മാവക്ക്’ എന്ന് തുടങ്ങുന്ന കവിതയാണ് ദിയ ആലപിച്ചത്.
കഴിഞ്ഞവര്‍ഷം ജില്ലാതലത്തില്‍ നാടന്‍പാട്ട് മത്സരത്തില്‍ പങ്കെടുക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തിരുന്നു. ഇത്തവണയും നാടന്‍പാട്ടിന് ജില്ലാതലത്തില്‍ മത്സരിക്കുന്നുണ്ട്.
പുളിയഞ്ചേരി മണ്ണാരിപ്പുറത്തൂട്ട് രാജേഷിന്റെയും സൗമ്യയുടെയും മകളാണ് ദിയ. പുളിയഞ്ചേരിയിലെ വീക്ഷണം കലാവേദിയില്‍ ഏറെക്കാലമായി സംഗീത പഠനം നടത്തുന്നുണ്ട്.