സ്‌കൂള്‍ സമയത്തു പോലും ഇരിങ്ങത്ത് കൊറവട്ടയിലൂടെ തങ്കമല ക്വാറിയിലേക്കുള്ള വാഹനങ്ങളുടെ യാത്ര; ലോറികൾ തടഞ്ഞ് സി.പി.എം പ്രവര്‍ത്തകര്‍



ഇരിങ്ങത്ത്:
സ്‌കൂള്‍ സമയത്ത് തങ്കമല ക്വറിയിലേക്ക് പോകുന്ന 800 അടി വാഹനങ്ങള്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തടഞ്ഞു. തുറയൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെട്ട കൊറവട്ട ഭാഗത്തു കൂടെയുള്ള ടിപ്പര്‍ ലോറികളുടെ യാത്ര കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭീഷണിയാവുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തകര്‍ നേരിട്ടെത്തി വാഹനങ്ങള്‍ തടയുകയായിരുന്നു.

സി.പി.ഐ.എം ഇരിങ്ങത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറി ടി.കെ സുനില്‍, തുറയൂര്‍ ഗ്രാമപഞ്ചായയത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ്, സബിന്‍രാജ് കെ.കെ കൊറവട്ട ബ്രാഞ്ച് സെക്രട്ടറി കുഞ്ഞിമൊയ്തി എന്നിവരുടെ നേതൃതത്തിലാണ് വാഹനങ്ങള്‍ തടഞ്ഞത്.

യാതൊരു വിധ സമയക്രമവും പാലിക്കാതെ നിരവധി വലിയ വാഹനങ്ങളാണ് ഓവര്‍ ലോഡുമായി ദിനം പ്രതി ഇതുവഴി കടന്നു പോവുന്നത്. പത്ത് ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാഹനങ്ങള്‍ എട്ട് മീറ്ററില്‍ കുറഞ്ഞ വീതിയുള്ള റോഡിലൂടെ പോകുന്നത് നിരോധിച്ചിട്ടുള്ളതാണ്. എന്നിട്ടും കഷ്ട്ടിച്ച് ആറ് മീറ്റര്‍ മാത്രം വീതിയുള്ള കനാല്‍ റോഡിലൂടെ സ്‌കൂള്‍ കുട്ടികള്‍ പോവുന്ന സമയത്ത് പോലും നിരനിരയായി വാഹനങ്ങള്‍ കടന്നുപോകയാണ്.

രാവിലെയും വൈകുന്നേരവുമായി 15 ഓളം സ്‌കൂള്‍ ബസുകള്‍ പ്രദേശത്തുകൂടെ കടന്നുപോവാറുണ്ട്. എന്നാല്‍ ഒരു നിയന്ത്രണവുമില്ലാതെയുള്ള ടിപ്പര്‍ ലോറികളുടെ സഞ്ചാരം അപകടത്തിനിടയാക്കാന്‍ സാധ്യതയുള്ളതായി നാട്ടുകാര്‍ ആശങ്കപ്പെട്ടിരുന്നു.

രാവിലെ 8.30 മുതല്‍ 10 വരെയും വൈകിട്ട് 3.30 മുതല്‍ 5 വരെയും ടിപ്പര്‍ ലോറികള്‍ പോകുന്നതിന് നിയന്ത്രണമുണ്ട്. സ്‌കൂളിലേക്കും തിരിച്ചും കുട്ടികള്‍ പോകുന്ന സമയങ്ങളില്‍ ടിപ്പര്‍ ലോറിയിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അപകടങ്ങള്‍ സംഭവിക്കുന്നത് വര്‍ദ്ധിച്ചതിനാലാണ് ഇത്തരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. എന്നാല്‍ സമയ നിയന്ത്രണം നിലനില്‍ക്കെ അത് വകവെക്കാതെയാണ് ക്വാറിയില്‍ നിന്നും തിരിച്ചും ലോറികള്‍ പോയ്‌ക്കൊണ്ടിരുന്നത്.