‘ഇന്ത്യന്‍ ചിത്രകലയ്ക്ക് അതുല്യ സംഭാവനകള്‍ നല്‍കിയ ചിത്രകാരന്‍’; എ.രാമചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് പേരാമ്പ്രയിലെ ചിത്രകലാ കൂട്ടായ്മയായ ദ ക്യാമ്പ്


പേരാമ്പ്ര: ലോകപ്രശസ്ത മലയാളി ചിത്രകാരന്‍ എ.രാമചന്ദ്രന്റെ നിര്യാണത്തില്‍ പേരാമ്പ്രയിലെ ചിത്രകലാ കൂട്ടായ്മയായ ദ ക്യാമ്പ് പേരാമ്പ്ര അനുശോചിച്ചു. ചിത്രകാരന്‍ പ്രേംരാജ് പേരാമ്പ്ര മുഖ്യഭാഷണം നടത്തി. ചടങ്ങില്‍ രഞ്ജിത്ത് പട്ടാണിപ്പാറ, കെ.സി.രാജീവന്‍, ആര്‍.ബി.സുരേഷ് കല്ലോത്ത്, അഭിലാഷ് തിരുവോത്ത്, നിതേഷ് തെക്കേലത്ത് എന്നിവര്‍ സംസാരിച്ചു.

ഇന്ത്യന്‍ ചിത്രകലയ്ക്ക് അതുല്യമായ സംഭാവനകള്‍ നല്‍കിയ മലയാളി ചിത്രകാരനായിരുന്ന എ.രാമചന്ദ്രന്‍. കേരളത്തിലെ കലാലയ പഠനശേഷം കലാപ്രവര്‍ത്തനങ്ങള്‍ ബംഗാളിലേക്കും തുടര്‍ന്ന് ഡല്‍ഹിയിലേക്കും മാറ്റിയെങ്കിലും കേരളത്തിന്റെ പ്രകൃതിയും താമരക്കുളവും ചുമര്‍ചിത്ര കലയും ഒക്കെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ കലാ ആവിഷ്‌കാരങ്ങളില്‍ മുഖ്യമായും ഉണ്ടായിരുന്നത്.

കേരള ചുമര്‍ചിത്രകലയ്ക്ക് ലോക ചിത്രകലാ സങ്കേതങ്ങളില്‍ സ്ഥാനം നല്‍കുന്നതില്‍ സുപ്രധാനമായ പങ്കുവഹിച്ച മലയാളിയാണ് എ.രാമചന്ദ്രന്‍. കൂടാതെ അദ്ദേഹത്തിന്റെ ജീവിതവും പുസ്തകങ്ങളും ചിത്രകലയുടെ പുതിയ രീതികളും പുതുകാല കലാകൃത്തുക്കള്‍ക്ക് പ്രചോദനമാണെന്നും ക്യാമ്പ് അനുസ്മരിച്ചു.