സഹപാഠികള്‍ക്ക് നോവായി ശ്രീദേവ്; എലത്തൂരില്‍ കടലില്‍ വീണ് മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം സി.എം.സി ബോയ്‌സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും


എലത്തൂര്‍: എലത്തൂരില്‍ കടലില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച ശ്രീദേവിന്റെ മൃതദേഹം സി.എം.സി ബോയ്‌സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ഇവിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്രീദേവ്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി 12.15 ഓടെ മൃതദേഹം സി.എം.സി ഹൈസ്‌കൂളിലെത്തിക്കും. സഹപാഠികള്‍ക്കും കൂട്ടുകാര്‍ക്കും അവസാനമായി ഒരുനോക്ക് കാണാനുള്ള സൗകര്യം ഇവിടെ ഒരുക്കും.

ഇന്നലെ രാത്രി ആറുമണിയോടെയാണ് കടലില്‍ കുളിച്ചുകൊണ്ടിരിക്കെ ശ്രീദേവിനെ കാണാതായത്. കുളിക്കാന്‍ മൂന്നുപേര്‍ ഇറങ്ങിയിരുന്നു. മൂന്നുപേര്‍ മുങ്ങിതാഴുന്നത് സമീപവാസിയായ ചെറുകാട്ടില്‍ വേലായുധന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അദ്ദേഹം കടലിലിറങ്ങി രണ്ടുപേരെ രക്ഷിച്ചു. ശ്രീദേവ് ഒഴുക്കില്‍പ്പെട്ടതിനാല്‍ രക്ഷിക്കാനായില്ല. പിന്നീട് സഹായത്തിന് നാട്ടുകാരും എത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

എലത്തൂര്‍ പൊലീസും ബീച്ച് ഫയര്‍ഫോഴ്‌സും നാട്ടുകാരും കോസ്റ്റല്‍ പൊലീസും പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ കോസ്റ്റല്‍ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. അപകടമുണ്ടായ സ്ഥലത്തുനിന്നും അല്‍പ്പം ഉള്ളിലേക്ക് മാറി കടലിലാണ് മൃതദേഹമുണ്ടായിരുന്നു.

തലശ്ശേരി സ്വദേശി പുന്നോളി സജീവന്റെയും പുതിയാപ്പ സ്വദേശിനി തയ്യില്‍ താഴത്ത് യമുനയുടെയും മകനാണ് ശ്രീദേവ്. ഇവര്‍ ഇപ്പോള്‍ ചെട്ടികുളം വലിയാറമ്പത്ത് ശിവദാസന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സഹോദരി: തന്മയ.