മാതൃകയാണ് തിരുവങ്ങൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍; വഴിയില്‍ നിന്നും കിട്ടിയ പണം ഉടമസ്ഥനെ അന്വേഷിച്ച് കണ്ടെത്തി തിരികെയേല്‍പ്പിച്ച് കാപ്പാട് സ്വദേശി നിഷാദ്


തിരുവങ്ങൂര്‍: വഴിയില്‍ നിന്നും കിട്ടിയ പണം തിരികെ നല്‍കി തിരുവങ്ങൂരിലെ ഓട്ടോ ഡ്രൈവറുടെ മാതൃക. ദീര്‍ഘകാലമായി തിരുവങ്ങൂര്‍ കാപ്പാട് ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരുന്ന നിഷാദ് കപ്പക്കടവിനാണ് കഴിഞ്ഞ ശനിയാഴ്ച കാപ്പാട് റോഡില്‍ നിന്നും 3000ത്തോളം രൂപ ലഭിച്ചത്.

പണം കിട്ടിയതിന് പിന്നാലെ നിഷാദ് ഓട്ടോ കൂട്ടായ്മയുടെ ഗ്രൂപ്പില്‍ വിവരം അറിയിക്കുകയും നാല് ദിവസത്തെ അന്വേഷണത്തിന് ശേഷം പണം നഷ്ടപ്പെട്ടയാളെ കണ്ടെത്തുകയും ചെയ്തു. കാപ്പാട് സ്വദേശി സിദ്ധിഖിന്റെ പണമായിരുന്നു നഷ്ടപ്പെട്ടത്. തുടര്‍ന്ന് ഇന്നലെ നിഷാദ് പണം സിദ്ധിഖിന് കൈമാറി.

തിരുവങ്ങൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കിടയില്‍ ഇത് ആദ്യത്തെ സംഭവമല്ല. അടുത്തിടെ ഓട്ടോ ഡ്രൈവറായ സത്യന്‍ കാപ്പാട് തനിക്ക് വണ്ടിയില്‍ നിന്നും കിട്ടിയ സ്വര്‍ണം ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് മാതൃകയായിരുന്നു. ഡ്രൈവര്‍മാരായ ഹണിഷ്, നിസാര്‍ എന്നിവര്‍ക്ക് കിട്ടിയ മൊബൈലുകളും ഉടമസ്ഥരെ കണ്ടെത്തി തിരികെ നല്‍കിയിരുന്നു.