എലത്തൂരില്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ 14കാരന്റെ മൃതദേഹം കണ്ടെത്തി


എലത്തൂര്‍: എലത്തൂരില്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. എലത്തൂര്‍ സി.എം.സി ബോയ്‌സ് ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ശ്രീദേവ് ആണ് മരിച്ചത്. 14 വയസായിരുന്നു.

ഇന്നലെ രാത്രി ആറുമണിയോടെയാണ് കടലില്‍ കുളിച്ചുകൊണ്ടിരിക്കെ ശ്രീദേവിനെ കാണാതായത്. കുളിക്കാന്‍ മൂന്നുപേര്‍ ഇറങ്ങിയിരുന്നു. മൂന്നുപേര്‍ മുങ്ങിതാഴുന്നത് സമീപവാസിയായ ചെറുകാട്ടില്‍ വേലായുധന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അദ്ദേഹം കടലിലിറങ്ങഇ രണ്ടുപേരെ രക്ഷിച്ചു. ശ്രീദേവ് ഒഴുക്കില്‍പ്പെട്ടതിനാല്‍ രക്ഷിക്കാനായില്ല. പിന്നീട് സഹായത്തിന് നാട്ടുകാരും എത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

എലത്തൂര്‍ പൊലീസും ബീച്ച് ഫയര്‍ഫോഴ്‌സും നാട്ടുകാരും കോസ്റ്റല്‍ പൊലീസും പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ കോസ്റ്റല്‍ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. അപകടമുണ്ടായ സ്ഥലത്തുനിന്നും അല്‍പ്പം ഉള്ളിലേക്ക് മാറി കടലിലാണ് മൃതദേഹമുണ്ടായിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ട മറ്റു കുട്ടികളും ചികിത്സതേടി.

തലശ്ശേരി സ്വദേശി പുന്നോളി സജീവന്റെയും പുതിയാപ്പ സ്വദേശിനി തയ്യില്‍ താഴത്ത് യമുനയുടെയും മകനാണ് ശ്രീദേവ്. ഇവര്‍ ഇപ്പോള്‍ ചെട്ടികുളം വലിയാറമ്പത്ത് ശിവദാസന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സഹോദരി: തന്മയ.