”കരുണാകരന്റെ കുടുംബത്തില്‍ നിന്നും ഒരാളെ ബി.ജെ.പിക്ക് കിട്ടിയെന്നത് ദൗര്‍ഭാഗ്യകരം, പത്മജയെ എടുത്തതുകൊണ്ട് കാല്‍കാശിന്റെ ഗുണം ബി.ജെ.പിക്കുണ്ടാവില്ല” പത്മജയുടെ ബി.ജെ.പി പ്രവേശനത്തില്‍ പ്രതികരണവുമായി കെ.മുരളീധരന്‍


വടകര: ബി.ജെ.പിയിലേക്ക് ചേക്കേറുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സഹോദരിയുമായ പത്മജ വേണുഗോപാലിനെ തള്ളി കെ.മുരളീധരന്‍ എം.പി. പത്മജയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും പത്മജയ്ക്ക് കോണ്‍ഗ്രസില്‍ നിന്നും മുന്തിയ പരിഗണന ലഭിച്ചിരുന്നെന്നും മുരളീധരന്‍ പറഞ്ഞു.

പത്മജ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇത്രയൊക്കെ അവരെ വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഒരുകാലത്ത് കോണ്‍ഗ്രസ് വിട്ടയാളാണ് താന്‍. എല്‍.ഡി.എഫും യു.ഡി.എഫും സ്വീകരിക്കാന്‍ തയ്യാറാവാതിരുന്ന സമയത്തും ബി.ജെ.പിയുമായി ചേര്‍ന്നിട്ടില്ല.

ഒരുകാലത്തും വര്‍ഗീയതയോട് സന്ധിചേരാന്‍ തയ്യാറാവാത്ത ആളായിരുന്നു കെ.കരുണാകരന്‍. അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് ഒരാളെ ബി.ജെ.പിക്ക് കിട്ടിയെന്ന് പറയുമ്പോള്‍ മതേതര വിശ്വാസികളെ സംബന്ധിച്ച് ദു:ഖം നല്‍കുന്ന കാര്യമാണ്. അതുകൊണ്ടൊന്നും ഞങ്ങളുടെ പോരാട്ടവീര്യം തളരില്ല. പത്മജയെ എടുത്തുകൊണ്ട് കാല്‍കാശിന്റെ ഗുണം ബി.ജെ.പിക്കുണ്ടാവില്ല. എല്ലായിടത്തും ബി.ജെ.പിയെ മൂന്നാം സ്ഥാനത്തെത്തിക്കും. ഈ ചതിക്ക് ശക്തമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലൂടെ മറുപടി നല്‍കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും അവഗണനയുണ്ടായി, ചിലര്‍ തെരഞ്ഞെടുപ്പ് സമയത്ത് കാലുവാരന്‍ നോക്കി എന്നൊക്കെയാണ് പത്മജയുടെ ആരോപണങ്ങള്‍. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പത്മജയ്ക്ക് എല്ലാകാലത്തും മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുള്ളത്. വട്ടിയൂര്‍ കാവില്‍ എല്‍.ഡി.എഫിന് സ്വാധീനമുള്ള സമയത്താണ് 2011ല്‍ പാര്‍ട്ടി എന്നെ മത്സരിപ്പിക്കുന്നതും 16008 വോട്ടിന് അവിടെ ജയിക്കുന്നതും. വടകരയും എല്‍.ഡി.എഫിന്റെ ശക്തികേന്ദ്രമായിരുന്നു. മുല്ലപ്പള്ളിയുടെ രണ്ടാംവട്ട വിജയം 3000 വോട്ടിനായിരുന്നു. ആ നിയോജക മണ്ഡലത്തില്‍ നല്ല വേരോട്ടമുള്ള അന്നത്തെ ജെ.ഡി.യു ഇപ്പോഴത്തെ ആര്‍.ജെ.ഡി മുന്നണി വിട്ട സമയത്താണ് ഞാന്‍ മത്സരിക്കുന്നത്. അവിടെയാണ് 84600 വോട്ടിന് വിജയിക്കുന്നത്. യു.ഡി.എഫ് ഒറ്റക്കെട്ടായി എനിക്കൊപ്പം നിന്നതുകൊണ്ടും ആ നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ എനിക്ക് അറിഞ്ഞ് വോട്ടുചെയ്തതുകൊണ്ടുമാണ് ജയിച്ചതെന്നും മുരളി പറഞ്ഞു.

എന്നാല്‍ പത്മജയെ സംബന്ധിച്ച് യു.ഡി.എഫ് ശക്തമായ പിന്‍ബലമുള്ള മണ്ഡലങ്ങളില്‍ മത്സരിച്ചിട്ടും അവര്‍ പരാജയപ്പെടുകയാണുണ്ടായത്. ചില വ്യക്തികള്‍ കാലുവാരിയാല്‍ തോല്‍ക്കുന്നതാണോ ഒരു തെരഞ്ഞെടുപ്പ് എന്നും അദ്ദേഹം ചോദിച്ചു.