കാര്‍ഷിക യന്ത്രങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ ഇതിലും മികച്ച അവസരം ഇനി വരാനില്ല; മേലടി ബ്ലോക്ക് പഞ്ചായത്ത് പരിസരത്തേക്ക് വിട്ടോളൂ, കാര്‍ഷിക യന്ത്രം സര്‍വ്വം ചലിതം മേലടി പുരോഗമിക്കുന്നു
കൊയിലാണ്ടി: കേരള സംസ്ഥാന കാര്‍ഷിക യന്ത്രവത്കരണ മിഷനും മേലടി ബ്ലോക്ക് പഞ്ചായത്തും തിക്കോടി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയവും സംയുക്തമായി സംഘടിപ്പിച്ച കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ക്യാമ്പായ ‘കാര്‍ഷിക യന്ത്രം സര്‍വ്വം ചലിതം മേലടി’ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കുന്നു.
നവംമ്പര്‍15 മുതല്‍ ഡിസംബര്‍ 4 വരെയാണ് ക്യാമ്പ് നടക്കുക. മേലടി ബ്ലോക്കിലെ എല്ലാ കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി കാര്യക്ഷമമാക്കുകയെന്നതാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. മേലടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന തുറയൂര്‍, കീഴരിയൂര്‍, മേപ്പയ്യൂര്‍, തിക്കോടി എന്നീ പഞ്ചായത്തുകളിലെയും പയ്യോളി മുനിസിപ്പാലിറ്റിയിലെയും എല്ലാ കാര്‍ഷിക യന്ത്രങ്ങളും അറ്റകുറ്റപ്പണി തീര്‍ത്തുനല്‍കും. ഈ സേവനം തികച്ചും സൗജന്യമാണ്. എന്നാല്‍ ഏതെങ്കിലും സ്‌പെയര്‍ പാട്‌സുകള്‍ ആവശ്യമായി വന്നാല്‍ ആ തുക കര്‍ഷകരില്‍ നിന്നും ഈടാക്കും. സ്‌പെയര്‍ പാര്‍ട്‌സുകള്‍ യഥാസമയം ലഭ്യമാക്കാനുള്ള സൗകര്യം ഈ ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് വെച്ച് നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.പ്രസന്ന അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം.എം.രവീന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, ലീന പുതിയോട്ടില്‍, ബ്ലോക്ക് സെക്രട്ടറി ജോബി സലാസ് എന്നിവര്‍ സംസാരിച്ചു.
കൃഷി അസി: ഡയറക്ടര്‍ തിക്കോടി സ്മിത ഹരിദാസ് സ്വാഗതവും, തിക്കോടി കൃഷി ഓഫീസര്‍ അഞ്ജന രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.