വയനാട്ടില്‍ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകരായ ലതയ്ക്കും സുന്ദരിക്കും ലുക്ക് ഔട്ട് നോട്ടീസ്; കൊയിലാണ്ടിയിലും കര്‍ശന നിരീക്ഷണം


കൊയിലാണ്ടി: വയനാട്ടില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകരായ ലതയ്ക്കും, സുന്ദരിക്കുമായി കൊയിലാണ്ടിയിലടക്കം തിരച്ചില്‍ ശക്തമാക്കി പോലീസ്. കൊയിലാണ്ടി സ്റ്റേഷന്‍ പരിധിയില്‍ പൊലീസ് പരിശോധന നടത്തുന്നുണ്ട്.

ചപ്പാരം കോളനിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലിനു ശേഷം രക്ഷപ്പെട്ട ഇവര്‍ തലശ്ശേരിയില്‍ എത്തിയതായി സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇവര്‍ കോഴിക്കോട് ജില്ലയില്‍ എത്തിയെന്ന സൂചന ലഭിച്ചതിനാല്‍ തലശ്ശേരി, മാഹി, ചോമ്പാല വടകര, പയ്യോളി, എലത്തൂര്‍, കോഴിക്കോട്, സിറ്റി എന്നിവിടങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി.

മൊഫ്യൂഷ്യല്‍ ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍ എന്നിവ പരിശോധിച്ചിരുന്നു. എന്നാല്‍ കോഴിക്കോടു നിന്നും തിരിച്ചതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവര്‍ക്കായി വലവിരിച്ചു. റെയില്‍വെ സ്റ്റേഷന്‍, മൊഫ്യൂഷ്യല്‍ ബസ് സ്റ്റാന്റ്, കെസ്.ആര്‍.ടി.സി, എന്നിവിടങ്ങള്‍ അരിച്ചുപെറുക്കി കര്‍ശനമായ നിരീക്ഷണം നടത്തി വരുന്നു. വരും ദിവസങ്ങളിലും കര്‍ശനമായ നിരീക്ഷണം തുടരും.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലെ വനാന്തരങ്ങളിലും കര്‍ശനമായ തിരച്ചില്‍ നടത്തുന്നുണ്ട്. ചപ്പാരം കോളനിയില്‍ അനീഷിന്റെ വീട്ടില്‍ മൊബൈല്‍ ഫോണുകളും, ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യാനെത്തിയപ്പോയാണ് തണ്ടര്‍ബോള്‍ട്ട് വീട് വളയുകയും, ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തത്. ഇതിനിടയിലാണ് സുന്ദരിയും, ലതയും, രക്ഷപ്പെട്ടത്.