എ.ഐ ക്യാമറ ‘റൂട്ട് മാപ്പ്’ നല്‍കിയ ബൈക്ക് മോഷ്ടാവ് അരിക്കുളം ഏക്കാട്ടൂര്‍ സ്വദേശി; പ്രതിയെ അതിസാഹസികമായി പിടികൂടി പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ്


മേപ്പയ്യൂര്‍: എ.ഐ ക്യാമറ ‘റൂട്ട് മാപ്പ്’ നല്‍കിയത് പൊലീസിന് തുണയായി. കാഞ്ഞങ്ങാട് നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവ് പേരാമ്പ്രയില്‍ പിടിയിലായി. അരിക്കുളം ഏക്കാട്ടൂര്‍ സ്വദേശി പുനത്തില്‍ മീത്തല്‍ അഭിനവ് (19) ആണ് പിടിയിലായത്. പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്.

അതേസമയം ബൈക്ക് കണ്ടെത്താനായില്ല. സംഘത്തിലെ രണ്ടാമന്‍ ബൈക്കുമായി മുങ്ങിയെന്നാണ് അഭിനവിന്റെ മൊഴി. കോഴിക്കോട് നെടുമണ്ണൂര്‍ കോളനിയിലെ തംബുരു എന്നു വിളിക്കുന്ന അഭിന്‍രാജാണ് മുങ്ങിയത്.

ഹൊസ്ദുര്‍ഗ് പൊലീസില്‍ നിന്നും ലഭിച്ച വിവരത്തില്‍ പ്രതിഅഭിനവ് ആണെന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു. കോയമ്പത്തൂരില്‍ നിന്നും പ്രതി നാട്ടിലെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷിച്ചെങ്കിലും പ്രതി വീട്ടില്‍ നിന്നും മാറിയിരുന്നു. പോലീസ് സ്ഥലത്തു നിന്നും പോയ വിവരം മനസിലാക്കി വീണ്ടും വീട്ടിലെത്തിയ പ്രതിയെ സ്ഥലത്ത് മാറി നിന്നിരുന്ന സ്‌ക്വാഡ് പിടിച്ചു വയ്ക്കുകയായിരുന്നു.

മറ്റു വിവിധ ജില്ലകളില്‍ നിരവധി കേസുകളുള്ള മറ്റൊരു കൂട്ടാളിയെ പോലീസ് തിരയുകയാണെന്നും പിടിയിലായ പ്രതിയുടെ മറ്റു ജില്ലകളിലെ പങ്കിനെപ്പറ്റി അന്വേഷിക്കുമെന്നും, ശേഷം ഹോസ്ദുര്‍ഗ് പോലീസിന് കൈമാറുമെന്നും പേരാമ്പ്ര ഡി.വൈ.എസ്.പി കുഞ്ഞിമോയിന്‍കുട്ടി അറിയിച്ചു. സ്‌ക്വാഡംഗങ്ങളായ വിനീഷ്.ടി, ഷാഫി, മുനീര്‍.ഇ.കെ, സിഞ്ചുദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

ജൂണ്‍ 27-ന് നീലേശ്വരത്തെ പെണ്‍സുഹൃത്തിനെ കാണാനാണ് അഭിന്‍രാജും താനുമെത്തിയതെന്നും നീലേശ്വരത്തുനിന്ന് രാത്രി കാഞ്ഞങ്ങാട്ടേക്ക് വരികയും ബൈക്കെടുത്ത് പോകുകയും ചെയ്തുവെന്നുമാണ് അഭിനവ് പോലീസിന് നല്‍കിയ മൊഴി. ഇയാളെ വ്യാഴാഴ്ച ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.

കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ചുമട്ടുതൊഴിലാളിയായ മടിക്കൈ ചെമ്പിലോട്ടെ ഭാസ്‌കരന്റെ ബൈക്കാണ് മോഷണം പോയത്. ജൂണ്‍ 27-ന് പുതിയകോട്ടയിലെ ഒരുകെട്ടിടത്തിന്റെ പാര്‍ക്കിങ് കേന്ദ്രത്തില്‍ നിര്‍ത്തിയിട്ടതായിരുന്നു ബൈക്ക്. എറണാകുളത്തേക്ക് പോയി മൂന്നുദിവസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ബൈക്ക് കാണാനില്ലെന്നായിരുന്നു ഭാസ്‌കരന്റെ പരാതി.

കഴിഞ്ഞദിവസം എ.ഐ. ക്യാമറ വഴിയുള്ള പിഴ ഇ-ചലാനായി ഭാസ്‌കരന് കിട്ടിയപ്പോഴാണ് പ്രതികള്‍ കോഴിക്കോട് ഭാഗത്തേക്ക് പോയതായി സൂചന ലഭിച്ചത്. കാഞ്ഞങ്ങാട് തലശ്ശേരി, മാഹി, കൊയിലാണ്ടി വഴി കോഴിക്കോടുവരെ രണ്ടുപേര്‍ ഹെല്‍മെറ്റിടാതെ യാത്രചെയ്തപ്പോള്‍ ഒന്നിനുപിറകെ ഒന്നായി ഓരോയിടത്തെയും ക്യാമറകളില്‍ ഇവരുടെ ചിത്രം പതിഞ്ഞു. പല സ്ഥലങ്ങളില്‍നിന്നായി 9,500 രൂപയാണ് ഭാസ്‌കരന് പിഴയായി വന്നത്.