പത്രക്കെട്ട് എടുക്കാനായി പതിവുപോലെ പുറത്തേക്ക് പോയി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പ്രതി ബൈക്കിന് പിറകിൽ കയറി രക്ഷപ്പെട്ടു


കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പ്രതി തടവ് ചാടി. കോയ്യോട് സ്വദേശി ഹര്‍ഷാദ് ആണ് തടവ് ചാടിയത്. മയക്കുമരുന്ന് കേസില്‍ 10വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഹര്‍ഷാദ്.

എല്ലാദിവസവും രാവിലെ ജയിലിലേക്കുള്ള പത്രക്കെട്ട് എടുത്തിരുന്നത് ഇയാളായിരുന്നു. പതിവുപോലെ ഇന്ന് രാവിലെ പത്രക്കെട്ട് എടുക്കാന്‍ പോയ ഇയാള്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കിന്‌റെ പിന്നില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ജയിലിലെ വെല്‍ഫയര്‍ ഓഫീസില്‍ ജോലിയായിരുന്നു ഹര്‍ഷാദിന്.

കണ്ണവം പോലീസ് എടുത്ത കേസില്‍ 2023 സെപ്റ്റംബര്‍ മുതല്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു. സംഭവത്തില്‍ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി.