സംസ്ഥാനത്ത് ചൂട് ഇനിയും കൂടും, രണ്ട് ജില്ലകളില്‍ ചൂട് 40 ഡിഗ്രിക്ക് മുകളിലെത്തും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഇനിയും കൂടുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ താപനില 40 ഡിഗ്രിക്ക് മുകളിലെത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കൊല്ലം, പാലക്കാട് ജില്ലകളിലാണ് താപനില ഉയരാന്‍ സാധ്യതയുള്ളത്.

11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. തൃശൂരില്‍ 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട,കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി വരെയും താപനില ഉയരാം.

തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 – 4 °C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 5 മുതല്‍ ഏപ്രില്‍ 9 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.