ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്‌കൂളില്‍ പഞ്ചായത്ത് തല അധ്യാപക ദിനാഘോഷവും അധ്യാപക സംഗമവും


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്ത് തല അധ്യാപക ദിനാഘോഷവും അധ്യാപക സംഗമവും ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്‌കൂളില്‍ നടന്നു. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ മനോജ് മണിയൂര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരും പ്രാദേശിക സര്‍ക്കാരുകളും ആവിഷ്‌ക്കരിക്കുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളെ ഉള്‍ക്കൊള്ളാനും അവയെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വിജയിപ്പിക്കാനും അധ്യാപകര്‍ മുന്‍നിരയില്‍ ഉണ്ടാവണമെന്ന് മനോജ് മണിയൂര്‍ അഭ്യര്‍ത്ഥിച്ചു. പൂര്‍വ്വസൂരികളായ അധ്യാപകര്‍ നിര്‍വ്വഹിച്ച ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അനുസ്മരിച്ചു.

പഞ്ചായത്തിലെ മുതിര്‍ന്ന അധ്യാപകരെ അദ്ദേഹം ആദരിച്ചു.പഞ്ചായത്തിന്റെ ഭാവി പ്രവര്‍ത്തന രൂപരേഖ കെ.ടി.രാധാകൃഷ്ണന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അധ്യക്ഷയായി. എ.ഇ.ഒ സുധ പി.പി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വേണു മാസ്റ്റര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിന്ദു മുതിരക്കണ്ടത്തില്‍, ഗീത കാരോല്‍, ബേബി സുന്ദര്‍രാജ് എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി കണ്‍വീനര്‍ എം.ജി.ബല്‍രാജ് സ്വാഗതവും ഗ്രാമപഞ്ചായത്ത് അംഗം കെ.എം.മജു നന്ദിയും പറഞ്ഞു.