‘നീങ്ക പെരിയ മനിതന്‍’; ചന്ദ്രിക ദിനപത്രത്തിലെ പംക്തി ‘തേഡ് ഐ’ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച് തമിഴ് പത്രം


കോഴിക്കോട്: മലയാളത്തിലെ പ്രമുഖ ദിനപത്രമായ ചന്ദ്രികയിലെ പംക്തി ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച് തമിഴ് ദിനപത്രം. ചന്ദ്രികയുടെ എഡിറ്ററും സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുമായ കോഴിക്കോട് സ്വദേശി കമാല്‍ വരദൂര്‍ എഴുതുന്ന തേഡ് ഐ എന്ന പംക്തിയാണ് മണിച്ചുഡര്‍ എന്ന തമിഴ് പത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത്.

കായികലോകവുമായി ബന്ധപ്പെട്ട വിശകലനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പംക്തിയാണ് തേഡ് ഐ. കലാപം ആളിക്കത്തുന്ന മണിപ്പൂരിലെ പരിശീലനം നിഷേധിക്കപ്പെട്ട കായികതാരങ്ങള്‍ക്കായി തമിഴ്‌നാട്ടിലെ പരിശീലന വേദികള്‍ തുറന്ന് നല്‍കി അവരെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ടുള്ള തേഡ് ഐ ആണ് തമിഴ് പത്രം പ്രസിദ്ധീകരിച്ചത്.

‘നീങ്ക പെരിയ മനിതന്‍’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച തേഡ് ഐ ആണ് തമിഴ് പത്രം പുനഃപ്രസിദ്ധീകരിച്ചത്. ‘മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍, താങ്കളെ വണങ്ങാതെ വയ്യ’ എന്ന് പറഞ്ഞുകൊണ്ടാണ് തേഡ് ഐ ആരംഭിക്കുന്നത്. എല്ലാവരും കേവലമായ സഹതാപം പ്രകടിപ്പിക്കുമ്പോള്‍ താങ്കള്‍ മണിപ്പൂരിനോട് സഹാനുഭൂതിയാണ് പ്രകടിപ്പിച്ചതെന്ന് കമാല്‍ വരദൂര്‍ തേഡ് ഐയില്‍ പറയുന്നു.

പത്തൊന്‍പത് ഒളിംപ്യന്മാരെ രാജ്യത്തിന് സംഭാവന ചെയ്ത സംസ്ഥാനമാണ് മണിപ്പുര്‍. ചൈനയില്‍ ഏഷ്യന്‍ ഗെയിംസ് ആരംഭിക്കാനിരിക്കെ ഒരു പരിശിലനത്തിന് പോലും സംസ്ഥാനത്തെ കായിക താരങ്ങള്‍ക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല.