ട്രെയിൻ പുറപ്പെടുന്നതിന് മുന്നോടിയായി വിളിക്കാനെത്തിയ ജീവനക്കാരൻ കണ്ടത് അനക്കമില്ലാത്ത ഭാസ്കരനെ; കൽപ്പത്തൂർ സ്വദേശിയായ ലോക്കോ പൈലറ്റിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ സഹപ്രവർത്തകരും നാട്ടുകാരും


മേപ്പയ്യൂർ: കൽപ്പത്തൂർ സ്വദേശിയായ ലോക്കോ പൈലറ്റിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് സഹപ്രർത്തകരും ബന്ധുക്കളും നാട്ടുകാരുമെല്ലാം. പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ ലോക്കോ പെെലറ്റായി പോകേണ്ടിയിരുന്ന കെ.കെ ഭാസ്ക്കരനെയാണ് നിശ്ചലനായി സഹപ്രവർത്തകർ പിന്നീട് കാണുന്നത്. ഹൃദയാഘാതമാണ് ഭാസ്ക്കരന്റെ ജീവൻ കവർന്നതെന്നതാണ് പ്രഥമിക നി​ഗമനം. കൽപ്പത്തൂർ സ്വദേശി കെ.കെ.ഭാസ്കരനെ ഇന്ന് രാവിലെയാണ് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ലോക്കോ പൈലറ്റ് റണ്ണിങ് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ 6.20 ന് പുറപ്പെടുന്ന കോയമ്പത്തൂർ എക്സ്പ്രസിൻ്റെ ലോക്കോ പൈലറ്റായി പോകേണ്ടതായിരുന്നു ഭാസ്ക്കരൻ. എന്നാൽ കഴിഞ്ഞ ദിവസം രാത്രി കണ്ണൂരിൽ എത്തിയ ഗുഡ്സ് ട്രെയിനിലെ ലോക്കോ പൈലറ്റിന് കോയമ്പത്തൂർ എക്സ്പ്രസിലും ചുമതല നൽകിയാണ് ഇന്ന് രാവിലെ കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ പോകാൻ വഴിയൊരുക്കിയത്.

രാവിലെ 5.10 ന് പുറപ്പെടുന്ന ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിലായിരുന്നു ഭാസ്‌കരന്‍ ലോക്കോ പൈലറ്റായി പോകേണ്ടതായിരുന്നത്. ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് ലോക്കോ റണ്ണിംങ് റൂമിൽ എത്തിയ ജീവനക്കാരനാണ് ഭാസ്ക്കരനെ അനക്കമില്ലാതെ കണ്ടെത്തിയത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിന് പരിയാരത്ത് കൊണ്ടുപോയി.

ഭാര്യ: സ്മിത. മക്കൾ: സനത്ത് ശ്രീവാസ്, സാനിയ ഭാസ്ക്കരൻ.


Also Read: കൊയിലാണ്ടി സ്വദേശിയായ ലോക്കോ പൈലറ്റ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍


Summary: colleagues and locals are shocked by the sudden demise of the Kalpattur native loco pilot