ഈ വേനല്‍ക്കാലത്ത് ചൂട് കുരു നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം


സംസ്ഥാനത്ത് ചൂട് വര്‍ധിച്ചതോടെ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ആളുകളള്‍ നേരിടുന്നത്. ചൂടുകാലത്ത് സ്ഥിരമായി ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ പലരെയും അലട്ടാറുണ്ട്. അതിലൊന്നാണ് ചൂടുകുരു. കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂട് കുരുക്കള്‍ വേനല്‍ക്കാലത്ത് ഉണ്ടാകാറുണ്ട്.

ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ വിയര്‍പ്പ് ഗ്രന്ഥിക്ക് തടസമുണ്ടാകുമ്പോഴാണ് ഇത്തരം ചൂട് കുരുക്കള്‍ ഉണ്ടാകുന്നത്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ചൂട്കുരുവും മാറുമെങ്കിലും നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ചൂട് കുരു മാറ്റാന്‍ വീട്ടില്‍ തന്നെ ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്.

തേങ്ങാപ്പാല്‍

ചൂട് കുരു ഉള്ള ഭാഗത്ത് തേങ്ങാപ്പാല്‍ തേയ്ക്കുന്നത് കുറച്ച് ആശ്വാസം നല്‍കും. അതുപോലെ ആര്യവേപ്പിലയിട്ട വെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്. വേപ്പില അരച്ച് ചൂട് കുരു ഉള്ള ഭാഗത്ത് പുരട്ടുന്നതും നല്ലതാണ്. അതുപോലെ ത്രിഫല പൊടി വെള്ളത്തില്‍ കലര്‍ത്തി ചൂട്ക്കുരു ഉള്ള ഭാ?ഗത്ത് തേയ്ക്കുന്നതും ഏറെ നല്ലതാണ്.

കൂടാതെ കുളി കഴിഞ്ഞ ശേഷം ശരീരത്തില്‍ നിന്ന് വെള്ളം ഒപ്പിയെടുക്കാന്‍ ശ്രമിക്കുക. ഒരു കാരണവശാലും അമിതമായി ശരീരം ഉരസാന്‍ പാടില്ല. മണമില്ലാത്ത ചൂടുകുരുക്കളില്‍ ഇടാന്‍ സാധിക്കുന്ന പൗഡര്‍ ദേഹത്ത് പുരട്ടുന്നത് അമിതമായ ഈര്‍പ്പം വലിച്ച് എടുക്കാന്‍ ഏറെ സഹായിക്കും. ആവശ്യമെങ്കില്‍ വൈദ്യ സഹായത്തോടെ ഇത്തരം പൗഡറുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ശരീരം തണുപ്പിക്കാന്‍ സഹായിക്കുന്ന ക്രീമുകള്‍ പുരട്ടുന്നതും ചൂടുകുരു കുറയ്ക്കുവാന്‍ ഗുണം ചെയ്യും.

വേനല്‍ക്കാലത്ത് കഴിക്കുന്ന ഭക്ഷണങ്ങളിലും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ജലാംശം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് എപ്പോഴും നല്ലത്. തണ്ണിമത്തന്‍, വെള്ളരിക്ക എന്നിവ കഴിക്കുന്നത് ശരീരം തണുപ്പിക്കാന്‍ സഹായിക്കും. ഇലക്കറികള്‍ കഴിക്കുന്നതും ആരോ?ഗ്യത്തിന് ഏറെ നല്ലതാണ്. ധാരാളം വെള്ളം കുടിച്ച് നിര്‍ജ്ജലീകരണം ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കണം

കൂടാതെ ചൂട് സമയത്ത് ധരിക്കുന്ന വസ്ത്രങ്ങള്‍ക്കും ഒരുപാട് പ്രാധാന്യമുണ്ട്. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് കൂടുതല്‍ ഉചിതം. ശരീരത്തോട് പറ്റി കിടക്കുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. അയഞ്ഞ വസ്ത്രങ്ങള്‍ വായു കടക്കാന്‍ സഹായിക്കും. മാത്രമല്ല വിയര്‍ക്കുമ്പോള്‍ ഒട്ടിപിടിക്കാതിരിക്കാനും ഇതാണ് ഉത്തമം.