കാന്താരയിലെ ഗാനത്തിനെതിരായ തൈക്കൂടം ബ്രിഡ്ജിന്റെ ഹരജി; പ്രതികള്‍ക്കുവേണ്ടി ഹാജരായ കൊയിലാണ്ടി സ്വദേശി വൈശാഖ് സംസാരിക്കുന്നു



കൊയിലാണ്ടി: കന്നഡ ചിത്രം കാന്താരയിലെ ഗാനത്തിനെതിരെ പ്രമുഖ മലയാളം ബാന്റായ തൈക്കൂടം ബ്രിഡ്ജ് നല്‍കിയ ഹരജില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായവരില്‍ കൊയിലാണ്ടി സ്വദേശിയും. കൊല്ലം ആനക്കുളം സ്വദേശിയായ അഡ്വ. വൈശാഖ് ജി.പിയാണ് പ്രതികളിലൊരാളായ ഗൂഗിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി ഹാജരായത്.

തൈക്കൂടം ബ്രിഡ്ജ് സമര്‍പ്പിച്ച ഹരജി കോഴിക്കോട് സെഷന്‍സ് കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. വിഷയത്തില്‍ ഇടപെടാനുള്ള അധികാര പരിധിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി തള്ളിയത്.

ഇത്തരം കേസുകള്‍ കൊമേഴ്സ്യല്‍ കോടതിയുടെ പരിധിയില്‍ വരുന്നതാണെന്നും അതിനാലാണ് സെഷന്‍സ് കോടതി ഹരജി തള്ളിയതെന്നും വൈശാഖ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഈ ഗാനം ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളില്‍ വിലക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെയും ഹരജിയില്‍ പ്രതി ചേര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൂഗിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് പുറമേ ഹോംബാലെ പ്രൊഡക്ഷന്‍, റിഷഭ് ഷെട്ടി, ബി.അജനീഷ്, പൃഥ്വിരാജ് ഫിലിംസ് എല്‍.എല്‍.പി, ആമസോണ്‍ സെല്ലര്‍ തുടങ്ങിയ ഒമ്പതോളം പേര്‍ക്കെതിരെയായിരുന്നു ഹര്‍ജി നല്‍കിയത്. വൈശാഖിനു പുറമേ അഡ്വ. സന്തോഷ് മാത്യു, അഡ്വ. സന്തോഷ്.കെ കോഴിക്കോട് എന്നിവരാണ് പ്രതികള്‍ക്കുവേണ്ടി ഹാജരായത്.

കഴിഞ്ഞ മാസമാണ് തൈക്കൂടം ബ്രിഡ്ജ് സിനിമയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. തങ്ങളുടെ നവരസ എന്ന ഗാനം കോപ്പി അടിച്ചാണ് വരാഹരൂപം ഒരുക്കിയത് എന്നായിരുന്നു ബാന്‍ഡിന്റെ ആരോപണം. തൈക്കൂടം ബ്രിഡ്ജിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ സതീഷ് മൂര്‍ത്തിയാണ് ഹാജരായത്. പിന്നാലെ ഗാനം നിര്‍ത്തിവെക്കാനുള്ള ഉത്തരവ് കോഴിക്കോട് സെഷന്‍സ് കോടതി പുറപ്പെടിവിച്ചിരുന്നു.

എന്നാല്‍ ‘നവരസ’യുമായി ‘വരാഹരൂപ’ത്തിന് ബന്ധമില്ല എന്നും പാട്ട് കോപ്പിയടിച്ചിട്ടില്ല എന്നും ഇക്കാര്യം തൈക്കൂടം ബ്രിഡ്ജിനെ അറിയിച്ചിരുന്നു എന്നും ചിത്രത്തിന്റെ സംവിധായകനും നടനുമായ റിഷബ് ഷെട്ടി അറിയിച്ചിരുന്നു. ഗാനത്തിനെതിരെ ഉയര്‍ന്ന വിവാദങ്ങളെ തള്ളിക്കൊണ്ട് കാന്താരയുടെ സംഗീത സംവിധായകന്‍ അജനീഷ് രംഗത്തെത്തിയിരുന്നു.

കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാല്‍ തോന്നുന്നതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നവരസം പാട്ട് നേരത്തെ കേട്ടിട്ടുണ്ടെന്നും അതുതന്നെ ഒരുപാട് ഇന്‍സ്‌പെയര്‍ ചെയിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഗാനം കോപ്പിയടി ആണെന്ന് പറഞ്ഞാല്‍ സമ്മതിച്ച് തരില്ലെന്നും അജനീഷ് വ്യക്തമാക്കിയിരുന്നു.