ടി.സിദ്ദിഖ് എം.എല്‍.എയുടെ ഭാര്യയുടെ ഐഫോണ്‍ കോഴിക്കോട് വച്ച് നഷ്ടമായി; കൊയിലാണ്ടി വഴി ഉള്ളിയേരിയിലേക്ക് കൊണ്ടുപോയ ഫോണ്‍ സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്ന് കണ്ടെത്തി; ഉദ്വേഗജനകമായ കുറിപ്പ്


കോഴിക്കോട്: കല്‍പ്പറ്റ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ടി.സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നീസയുടെ ഐഫോണ്‍ കോഴിക്കോട് വച്ച് മോഷണം പോയി. സിനിമാ സ്‌റ്റൈലിലുള്ള അന്വേഷണത്തിനൊടുവില്‍ ഫോണ്‍ ലഭിച്ചു. ഷറഫുന്നീസയുടെ സഹോദരന്‍ നിസില്‍ ഷറഫ് പൊലീസിന്റെ പിന്തുണയോടെയാണ് അന്വേഷണം നടത്തിയത്. ഇക്കാര്യങ്ങള്‍ നിസില്‍ ഷറഫ് ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചു.

കോഴിക്കോട് താജ് ഹോട്ടലില്‍ നടക്കുന്ന വസ്ത്രവ്യാപാര മേളയ്ക്കിടെയാണ് ഫോണ്‍ നഷ്ടമായത്. തുടര്‍ന്ന് ഫൈന്‍ഡ് മൈ ഐ ഫോണ്‍ എന്ന ഫീച്ചര്‍ ഉപയോഗിച്ച് നിസില്‍ നഷ്ടമായ ഫോണിനെ ട്രാക്ക് ചെയ്തു.

കോഴിക്കോട് നിന്ന് കൊയിലാണ്ടിയിലേക്കും പിന്നീട് ഉള്ളിയേരിയിലേക്കും എത്തിയെന്നാണ് ഫൈന്‍ഡ് മൈ ഐ ഫോണിലെ ലൊക്കേഷന്‍ വിവരങ്ങള്‍ സൂചിപ്പിച്ചത്. ഇക്കാര്യങ്ങളെല്ലാം പൊലീസുമായി പങ്കുവയ്ക്കുകയും പൊലീസിന്റെ നിര്‍ദ്ദേശങ്ങള്‍പാലിക്കുകയും ചെയ്ത് നിസിലും കുടുംബവും ഉള്ളിയേരിയില്‍ എത്തി.

തുടര്‍ന്ന് ചില ട്വിസ്റ്റുകള്‍ക്കൊടുവില്‍ തന്റെ ഫോണ്‍ ഷറഫുന്നീസയ്ക്ക് തിരികെ ലഭിച്ചു. സ്വിച്ച് ഓഫാക്കാനുള്ള ശ്രമത്തിനിടെ ഫോണിന്റെ കവര്‍ പറിച്ചെടുത്തിട്ടുണ്ട്. നിര്‍വ്വാഹമില്ലാതെ ഫോണ്‍ തിരിച്ചേല്‍പ്പിച്ച ‘പ്രമുഖന്‍’ അബദ്ധം പറ്റിപ്പോയെന്നാണ് പറഞ്ഞത്. ഉദ്വേഗജനകമായ ഐഫോണ്‍ അന്വേഷണത്തിന്റെ കഥ താഴെ വായിക്കാം.

നിസില്‍ ഷറഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

25/04/2022, കോഴിക്കോട്‌ ഉഷ റോഡിലുള്ള താജ്‌ ഹോട്ടലിൽ നടക്കുന്ന വസ്ത്ര വ്യാപാര മേളയിൽ നിന്ന് ഐ ഫോൺ നഷ്ടപ്പെടുന്നു. iPhone Pro Max 512 GB യാണു നഷ്ടപ്പെട്ട എന്റെ പെങ്ങളുടെ ഫോൺ. താജ്‌ ഹോട്ടലിനകത്തെ ഹാളിലാണു പെരുന്നാളിനോടനുബന്ധിച്ച്‌ വസ്ത്ര മേള നടന്നിരുന്നത്‌. അവിടെ രാവിലെ 10.30 നാണു കയറിയത്‌.
വസ്ത്രം കുട്ടിയിട്ടത്‌ തിരയുന്നതിനാൽ ബന്ധുവായ 9 വയസ്സുകാരിയുടെ കയ്യിൽ പെങ്ങൾ ഫോൺ കൊടുത്തു. 11. 30 പിന്നിട്ടപ്പോൾ വസ്ത്രങ്ങളെടുത്ത് ബിൽ പേ ചെയ്യാൻ വേണ്ടി ഫോൺ ആവശ്യപ്പെട്ടപ്പോൾ അവളുടെ കയ്യിൽ ഫോണില്ല. അവൾ വസ്ത്രം തിരയുന്നതിനിടെ ഫോൺ ടേബിളിൽ വസ്ത്രത്തിനൊപ്പം മറന്ന് വച്ചെന്ന് പറഞ്ഞു.
[ad-attitude]
പിന്നീട്‌ മേള നടത്തുന്നവരടക്കം എല്ലാവരും ഓരോ ടേബിളും അരിച്ച്‌ പെറുക്കിയെങ്കിലും ഫോൺ കിട്ടിയില്ല. പിന്നെ സിസി ടിവി പരിശോധിക്കാൻ തീരുമാനിച്ചു. ഒരു സിസി ടിവി മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. സിസി ടിവിയിൽ നോക്കിയപ്പോൾ സംഭവം നടന്നതെന്ന് വ്യക്തം. പെൺകുട്ടി ടേബിളിൽ ഫോൺ വെക്കുന്നത്‌ കാണാം. എന്നാൽ പിന്നീട്‌ ആളുകൾ നിറഞ്ഞതിനാൽ എന്ത്‌ സംഭവിക്കുന്നു എന്ന് വ്യക്തമല്ല. ഒരു സിസി ടിവി മാത്രമായതിനാലാണു വ്യക്ത്മായ വിഷ്വൽ ലഭിക്കാതെ പോയത്‌. അപ്പോഴേക്കും ഒരു മണിക്കൂർ പിന്നിട്ട്‌ കഴിഞ്ഞിരുന്നു. സിസി ടിവിയിൽ വ്യക്തമാകാതെ വന്നതോടെ പെങ്ങൾ എന്നെ വിളിച്ച്‌ ഫോൺ നഷ്ടപ്പെട്ട വിവരം പറഞ്ഞു.
ഞാനപ്പോൾ കോഴിക്കോട്‌ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിനു എതിർ വശമുള്ള സിഡി ടവറിലെ എന്റെ ഓഫീസിലായിരുന്നു. ഞാൻ പെട്ടെന്ന് തന്നെ Find My IPhone ഓപ്ഷനെടുത്ത്‌ പെങ്ങളുടെ ഐഡിയും പാസ്‌വേർഡും അടിച്ച്‌ കയറി നോക്കിയപ്പോൾ ഫോൺ ഫോക്കസ്‌ മാളിനടുത്താണു കാണുന്നത്‌. ഓഫായിരുന്നില്ല. അവിടെ യൂസ്‌ഡ്‌ ഫോൺ ഷോപ്പുകൾ നിറയെ ഉള്ള കോംപ്ലക്സിന്റെ അരികിലായതിനാൽ ഫോൺ വിൽക്കാൻ ശ്രമിക്കുന്നതാവാമെന്ന് എനിക്ക്‌ തോന്നി. സംഭവം നടന്നടുത്ത്‌ നിന്ന് 3 കിലോ മീറ്റർ ദൂരമുണ്ട്‌ അവിടേക്ക്‌. ഐഫോണിനെ കുറിച്ച്‌ ധാരണയില്ലാത്ത ആരെങ്കിലുമാകാം എടുത്തതെന്ന് തോന്നി. ഓഫ്‌ ചെയ്തിരുന്നില്ല, ഒഫ്‌ ചെയ്താലും ലൊക്കേഷൻ കിട്ടുമല്ലോ…

ഞാൻ സിഡി ടവറിൽ നിന്ന് കാറിൽ പുറപ്പെട്ടു. എന്നാൽ സിഗ്‌നലും ബ്ലോകും വേഗത കുറച്ചു. അപ്പോഴേക്കും ഫോൺ മൂവ്‌ ആകാൻ തുടങ്ങി. സ്റ്റേഡിയം ഭാഗത്തേക്ക്‌ പോകുന്നു. തിരിച്ച്‌ പുതിയറ വഴി റഹ്‌മത്ത്‌ ഹോട്ടലിനു മുന്നിലൂടെ സ്റ്റേഡിയത്തിനരികിൽ എത്തിയപ്പോൾ പാരഗൺ ഹോട്ടലിന്റെ ഭാഗത്തേക്ക്‌ നീങ്ങി. ഒന്നുകിൽ ബസ്‌, അല്ലെങ്കിൽ ഓട്ടോ എന്ന് തോന്നി. പെട്ടെന്ന് പാരഗൺ ഹോട്ടലിന്റെ അടുത്തെത്തിയപ്പോൾ ലൊക്കേഷൻ മാച്ച്‌ ആയി. കാർ പാർക്ക്‌ ചെയ്യാൻ സമയമെടുത്തതിനാൽ അവിടെ നിന്നും ലൊക്കേഷൻ നടക്കാവ്‌ ഭാഗത്തേക്ക്‌ നീങ്ങി. ഞാൻ പെട്ടെന്ന് തന്നെ നടക്കാവിലേക്ക്‌ എത്തി. കാർ പാർക്ക്‌ ചെയ്‌ത്‌ വരുമ്പോഴേക്കും ലൊക്കേഷൻ അവിടെ ബസ്‌ സ്റ്റൊപ്പിനും സൽക്കാര ഹോട്ടലിനുമിടയിൽ കാണിക്കുന്നു. ഞാൻ പെട്ടെന്ന് തന്നെ ബൈക്കുള്ള സുഹൃത്തിനെ വിളിച്ച്‌ വരുത്തി. പൊരിഞ്ഞ ചൂടും നോമ്പും തളർത്തിത്തുടങ്ങിയിരുന്നു.
[ad1]
അതിനിടയിൽ രണ്ട്‌ മുന്ന് ബസ്‌ വന്ന് പോയി, ഞാനപ്പോൾ സൽക്കാരയ്ക്ക്‌ മുന്നിലെ കാറുകളിൽ ഫോക്കസ്‌ ചെയ്തു. ഒരു 100 മീറ്റർ പരിധിയിൽ എവിടെയുമാവാം എന്നാണു പോലീസ്‌ പറഞ്ഞത്‌. പറയാൻ വിട്ടു, അപ്പോഴേക്കും പെങ്ങൾ വെള്ളയിൽ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പോലീസിന്റെ ഭാഗത്ത്‌ നിന്ന് പിന്തുടരാൻ നിർദേശം ലഭിച്ചു. പോലീസുമായി കാര്യങ്ങൾ സംസാരിച്ച്‌ ഫോൺ വച്ച്‌ ലൊക്കേഷൻ നോക്കിയപ്പോൾ കൊയിലാണ്ടി ഭാഗത്തേക്ക്‌ നിങ്ങിയിരുന്നു. ബസിലാണെന്ന് അപ്പോൾ ഏകദേശം ഉറപ്പിച്ചു. വണ്ടിപ്പേട്ട ബസ്‌ സ്റ്റോപ്പിൽ നിന്ന് ബസ്‌ കയറിയതാവാം. സ്റ്റേഷനിൽ നിന്ന് പെങ്ങളും കസിനും എത്തി. അങ്ങനെ ഞങ്ങൾ പോലീസിന്റെ നിർദേശ പ്രകാരം പിന്തുടരാൻ തന്നെ തീരുമാനിച്ചു. സിം മാറ്റിയാൽ മാത്രമേ പോലീസിനു മുന്നോട്ട്‌ പോകാൻ കഴിയൂ എന്ന് പറഞ്ഞു. എന്നാൽ ഞങ്ങൾ ഐഫോണിനെ വിശ്വസിച്ചു. കാറിൽ പെട്ടെന്ന് തന്നെ കൊയിലാണ്ടിയിലേക്ക്‌ പുറപ്പെട്ടു.
ലൊക്കേഷൻ കൊയിലാണ്ടിയിൽ കുറച്ച്‌ സമയം നിന്നു. ഫോൺ ഓഫ്‌ ആയിരുന്നില്ല. പ്രതീക്ഷയോടെ ഞങ്ങൾ ബ്ലോക്‌ താണ്ടി ഒരു വിധം കൊയിലാണ്ടിയിൽ എത്തിയപ്പോൾ അവിടെ നിന്നും ലൊക്കേഷൻ മാറി. നേരെ കണ്ണൂർ ഭാഗത്തേക്ക്‌ പോകാതെ ഏതെങ്കിലും ലോക്കൽ റൂട്ടിൽ പ്രവേശിച്ചെങ്കിൽ എന്ന് ഞങ്ങൾ ആഗ്രഹിച്ചത്‌ പോലെ ഫോൺ അപ്പോൾ ഉള്ളിയേരി ഭാഗത്തേക്ക്‌ നീങ്ങുന്നു.
സമയം 5 മണി ആകാൻ പോകുന്നു. ഐ ഫോണിന്റെയും മാക്‌ ബുക്കിന്റേയും ചാർജ് തീരാൻ പോകുന്നു. എല്ലാവർക്കും നോമ്പുമുണ്ട്‌. ഒരു തിരിച്ച്‌ പോക്ക്‌ ആഗ്രഹിച്ച്‌ പോയി. കാർ ചാർജർ കംപ്ലയിന്റ്‌ ആയിരുന്നതിനാൽ ഒരു വഴിയും ഇല്ല. എങ്കിലും ഉള്ളിയേരി ടൗൺ എത്തിയ ശേഷം ഏതെങ്കിലും മൊബെയിൽ ഷോപ്പിൽ കയറി ചാർജ്‌ ചെയ്യാം എന്ന് തീരുമാനിച്ച്‌ യാത്ര തുടർന്നു. പോലീസ്‌ അപ്പോൾ ലൊക്കേഷൻ ഐഫോൺ വഴി ഞങ്ങളെ പോലെ പിന്തുടർന്ന് ഞങ്ങളെ അലേർട്ട്‌ ചെയ്ത്‌ കൊണ്ടിരുന്നു. ഉള്ളിയേരി ടൗണിലെ ഒരു മൊബെയിൽ ഷോപ്പിൽ ഫോണും മാൿബുകും ചാർജ്‌ ചെയ്യാൻ വച്ചു. ആ സമയം ഒരു 4 കിലോമീറ്റർ വ്യത്യാസത്തിൽ ഞങ്ങളുണ്ട്‌. ഫോൺ അപ്പോഴും ഓൺ തന്നെയായിരുന്നു. ഫോൺ ഓഫാകുമോ എന്ന ഭയമായിരുന്നു ഞങ്ങൾക്കും പോലീസിനും. എന്റെ ഫോൺ 25 % ചാർജ്‌ ആയപ്പോൾ ഞങ്ങൾ വീണ്ടും പുറപ്പെട്ടു.
[ad2]
അപ്പോഴേക്കും സമയം 6 മണിയായിക്കഴിഞ്ഞിരുന്നു. ഏറ്റവും വലിയ തലവേദന അപ്പോഴേക്കും നഷ്ടപ്പെട്ട ഫോൺ ഓഫാക്കിയിരുന്നു. ചാർജ് പകുതിയുണ്ടായിരുന്നത്‌ ഓണായ സമയത്ത്‌ Find My IPhone ൽ കാണാമായിരുന്നു. പെങ്ങളേയും കസിന്റെ ഭാര്യയേയും ഉള്ള്യേരിയിലെ പഴയ ഒരു പള്ളിയിൽ കയറ്റി നോമ്പ്‌ തുറക്കാനും മറ്റും. ഞങ്ങൾ ലൊക്കേഷൻ അന്വേഷിച്ചു. ഏകദേശം ലൊക്കേഷൻ ഞങ്ങൾ ആ പള്ളിയുടെ രണ്ട്‌ കിലോ മീറ്റർ അപ്പുറം ഒരു കനാൽ റോഡിൽ കണ്ടെത്തി. അപ്പോഴാണു യഥാർത്ഥ പ്രതിസന്ധി വന്നത്‌.! ആരോട്‌, എങ്ങനെ ചോദിക്കും? ഓരോ വീട്ടിലും കയറാൻ പറ്റുമോ? ഇനി കയറിയാൽ എടുത്ത ആൾ സമ്മതിക്കുമോ? അല്ലെങ്കിൽ പ്രശ്നമാവില്ലേ? പോലീസ്‌ കോഴിക്കോട്‌ നിന്ന് അനുമതി തന്നെങ്കിലും ആ ലോക്കലിൽ നമുക്ക്‌ പരിമിധികളില്ലേ? അപ്പോഴാണു മഗ്‌രിബ്‌ ബാങ്ക്‌ വിളിച്ചത്‌. ഞങ്ങൾ പള്ളിയിലേക്ക്‌ തിരിച്ച്‌ പോയി. നോമ്പ്‌ തുറന്നു. അപ്പോഴേക്കും പള്ളിയിലെ പ്രമുഖർ കാര്യങ്ങളറിഞ്ഞിരുന്നു പെങ്ങൾ വഴി. നാട്ടുകാരുടെ സഹായം തേടലായിരുന്നു ഞങ്ങളുടെ ലക്ഷ്യവും. ഞാൻ ഒരു കോൺഗ്രസ്‌ എം എൽ എയുടെ ബ്രദർ ഇൻ ലൊ എന്ന നിലയിൽ കോൺഗ്രസുകാരും ലീഗുകാരും ആവേശത്തോടെ ഞങ്ങൾക്കൊപ്പം നിന്നു.
മഗ്‌രിബ്‌ നമസ്കാരം കഴിഞ്ഞ്‌ ഞങ്ങൾ ആ ലൊക്കേഷനിലെ ഒരു ബാബുവേട്ടനേയും മജീദ്ക്കയേയും മുന്നിൽ നിർത്തി വീടുകൾ കയറി. ആരാണു കോഴിക്കോട്‌ പോയി വന്നത്‌ എന്നറിയുകയായിരുന്നു പ്രധാന ലക്ഷ്യം. മലയാളിയാണോ? അതോ ബംഗാളിയോ എന്ന സംശയവും കൺഫ്യൂഷനും വേറെയും. നൂറു മീറ്റർ ചുറ്റളവിൽ ബംഗാളികൾ കൂട്ടത്തോടെ താമസിക്കുന്ന വീടുണ്ട്‌. എന്നാൽ അവരോട്‌ ചോദിക്കാൻ ഞാൻ അനുവദിച്ചില്ല. ഒന്ന് ബംഗാളിയായത്‌ കൊണ്ട്‌ കള്ളനാക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. മറ്റൊന്ന് ആണെങ്കിൽ അവർ സ്ഥലം വിട്ടേക്കാം. അവിടെ നിന്നും ഇറങ്ങി ലൊക്കേഷൻ മാച്‌ ചെയ്യാൻ നടന്ന് ഒരു പണി നടക്കുന്ന വീട്ടിലേക്ക്‌ ഞാൻ കയറി. അവിടെ സാധ്യതയില്ല, ആരും താമസമില്ല എന്നും പറഞ്ഞ്‌ നാട്ടുകാർ വന്നില്ല. ഞാനും കസിനും ആ വീട്ടിൽ കയറി. സൗണ്ട്‌ പ്ലേ ചെയ്തെങ്കിലും ശബ്ദം വന്നില്ല. സ്വിച്‌ഡ്‌ ഓഫ്‌ ആയത്‌ കൊണ്ടാവാം എന്നത്‌ കൊണ്ട്‌ വീട്‌ മൊബെയിൽ ലൈറ്റിൽ ഏകദേശമൊന്ന് നോക്കി അവിടെ നിന്ന് ഇറങ്ങി. ആ വീടിനെ എനിക്ക്‌ നല്ല സംശയം തോന്നി. കാരണം ഏറ്റവും ലൊക്കേഷൻ മാച്‌ ആയത്‌ അവിടെ നിന്നാണു. ഓണർ മറ്റൊരു വീട്ടിലാണെന്ന് നാട്ടുകാർ പറഞ്ഞു. തെരഞ്ഞ്‌ മടുത്തു. ഒരു വീട്ടിൽ സ്വീകരിച്ച്‌ ഇരുത്തി ജ്യൂസ്‌ തന്നു. പിന്നെ ബാക്കി പോലീസിൽ ഏൽപ്പിച്ച്‌ മടങ്ങാം എന്ന് തീരുമാനിച്ചു. സിസിടിവി ദൃശ്യങ്ങൾ രാവിലെ നാട്ടുകാരെ കാണിച്ച്‌ അതിൽ ഏതെങ്കിലും നാട്ടുകാർ ഉണ്ടോ എന്ന് ഉറപ്പ്‌ വരുത്താനും തീരുമാനിച്ച്‌ ഞങ്ങൾ ഇറങ്ങി.
മലയാളിയാണെങ്കിൽ ഞങ്ങൾ അവിടെ ഉണ്ടാക്കിയ ഓളം കാരണം എന്തെങ്കിലും പറഞ്ഞ്‌ തിരിച്ചെത്തിച്ചേക്കാം, ബംഗാളി ആണെങ്കിൽ ഫോൺ കൊണ്ട്‌ പോകുകയോ നശിപ്പിക്കുകയോ ചെയ്തേക്കാം. മലയാളി ആകാൻ പ്രാർത്ഥിച്ചു, കോഴിക്കോട്ടേക്ക്‌ തിരിച്ചെത്തിയെങ്കിലും ഉറക്കം വന്നില്ല. നഷ്ടപ്പെട്ട ഫോൺ ഓണായോ എന്ന് ഉറക്കം വരുന്നത്‌ വരെ നോക്കിക്കൊണ്ടിരുന്നു. തളർന്നുറങ്ങിപ്പോയി.
രാവിലെ എണീറ്റപ്പോൾ രണ്ട്‌ മിസ്‌ കോൾ, ഒന്ന് പോലീസ്‌, രണ്ട്‌ താജ്‌ ഹോട്ടലിൽ നിന്നും വസ്ത്ര വ്യാപാരി. “ഒരാൾ ഫോണുമായി താജിൽ വന്നിരിക്കുന്നു, കയ്യിലുള്ള ഐഫോൺ പോലെ ആയതിനാൽ എടുത്ത്‌ പോയതാണെന്ന് പറയുന്നു…” അയാളുമായി പോലീസ്‌ നിർദേശ പ്രകാരം പോലീസ്‌ സ്റ്റേഷനിൽ എത്തി. അയാൾ ആ ദേശത്തെ പ്രമുഖനാണു. അബദ്ധം പറ്റിപ്പോയി എന്ന് അയാൾ മജീദ്ക്കയോട്‌ സമ്മതിച്ചു. തൊട്ട്‌ പിന്നാലെ വീട്ടിലെത്തുമെന്ന് അയാൾ പ്രതീക്ഷിച്ചിരുന്നില്ല, എങ്കിൽ ഇങ്ങനെയൊരു ‘അബദ്ധം’ (കളവ്‌) അയാൾ ചെയ്യില്ലായിരുന്നു. ഞങ്ങൾക്കൊപ്പം വന്നവർ പറഞ്ഞത്‌ അയാൾ വിചാരിച്ചാൽ അളെ കണ്ടെത്താമെന്നായിരുന്നു. ഞങ്ങൾ ആദ്യം കയറിയ വീട്‌ അയാളുടേതായിരുന്നു. പണി നടക്കുന്ന വീട്ടിൽ കയറി ഞാൻ സംശയത്തോടെ നിന്നത്‌ അയാൾ പണി കഴിപ്പിക്കുന്ന വീട്ടിലായിരുന്നു. അവിടെയാണു അയാൾ ഫോൺ സ്വിച്‌ഡ്‌ ഓഫ്‌ ആക്കി വച്ചിരുന്നത്‌. പരാതി പിൻവലിച്ച്‌ മാന്യത തുടരാൻ അനുവദിച്ച ശേഷം പോലീസ്‌ സ്റ്റേഷനിൽ നിന്ന് ഞങ്ങളിറങ്ങി.
“പഠിച്ച കള്ളനല്ലെങ്കിൽ ഐഫോൺ എടുക്കാതിരിക്കുക എന്ന് പ്രിയപ്പെട്ട എല്ലാ കള്ളന്മാരേയും ഓർമ്മപ്പെടുത്തുന്നു… 😉