ഒളിച്ചു കളിച്ച് സുരേന്ദര്‍; രണ്ട്, മൂന്ന് മണിക്കൂറിന്റെ പരിശ്രമത്തിനൊടുവില്‍ കൊയിലാണ്ടി വളപ്പില്‍ ചതുപ്പില്‍ നിന്ന് സുരേന്ദറിനെ വലയിലാക്കി ഫയര്‍ഫോഴ്‌സും നാട്ടുകാരും


വടകര: ഫയര്‍ഫോഴ്‌സിനും നാട്ടുകാര്‍ക്കും മുന്‍പില്‍ ഒളിച്ചു കളിച്ച ഒഡീഷ സ്വദേശി സുരേന്ദറിനെ ഒടുവില്‍ വലയിലാക്കി. മനോ വൈകല്യമുള്ള സുരേന്ദര്‍ കൊയിലാണ്ടി വളപ്പില്‍ ചതുപ്പില്‍ അകപ്പെട്ടു പോവുകയായിരുന്നു.

കണ്ടല്‍ കാടുകളും മുള്‍ കാടും നിറഞ്ഞ് നില്‍ക്കുന്ന ചതുപ്പ് പ്രദേശത്തേക്ക് സുരേന്ദര്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മുള്‍ കാടുകളും ചതുപ്പും നിറഞ്ഞത് കാരണം ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് അഗ്‌നിശമന സേനയേയും നാട്ടുകാരെയും, പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വടകരയില്‍ നിന്നെത്തിയ അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ആളുകളെ കാണുമ്പോള്‍ കാടുകള്‍ക്കുള്ളിലെക്ക് ഒളിച്ചു കളിക്കുന്ന യുവാവിനെ ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകരുടെയും നേതൃത്വത്തില്‍ രണ്ട് മൂന്ന് മണിക്കൂര്‍ നടത്തിയ പരിശ്രമത്തിനൊടുവിലാണ് കണ്ടെത്തി പുറത്തെടുക്കാന്‍ സാധിച്ചത്. വടകര പോലീസും സ്ഥലത്തുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് സേനയുടെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചു.

സേനംഗംങ്ങള്‍ക്കും നാട്ടുകാര്‍ക്കും മുള്ളുകൊണ്ട് നീറുന്നുണ്ടെങ്കിലും ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു എന്ന ചാരുതാര്‍ത്ഥ്യത്തത്തോടെയാണ് അവര്‍ മടങ്ങിയത്.