”നാലുതലമുറയെ അനുസരണയോടെ തനിക്കുമുമ്പില്‍ തലകുനിച്ചു നിര്‍ത്തിയ ശശിയേട്ടന്”; സുവർണ ജൂബിലി ആഘോഷിക്കുന്ന ഊരള്ളൂരിലെ ബാര്‍ബര്‍ ശശിയെക്കുറിച്ച് സുമേഷ് സുധര്‍മ്മന്‍ എഴുതുന്നു
ശശിയേട്ടന്റെ മുടിവെട്ടു കട ഇന്ന് അരനൂറ്റാണ്ടു തികയ്ക്കുന്നു. ഫെബ്രുവരി 15 (1974-2024). അന്ന് ഊരള്ളൂര്‍ അങ്ങാടി ഇല്ല. മലോല്‍ മീത്തല്‍ ആണ് കടകള്‍ ഉള്ളത്. ചെത്തില്‍ കേളുക്കുട്ടി നായരുടെ കാപ്പിക്കടയും,
യു.സി.മൊയ്തിക്കയുടെ പലചരക്കു കടയും. പിന്നെ ഹംസക്കയും, കുഞ്ഞായന്‍ കയും, പോക്കര്‍കുട്ടിക്കയും അങ്ങിനെ നിരവധി പേര് കച്ചവടം ചെയ്ത മലോല്‍ മീത്തല്‍.
ജനങ്ങളുടെ ആശ്രമായി കാരയാട്ട് രാരുകുട്ടി നായരുടെ റേഷന്‍ കടയും, പീടിക മുകളിലെ വലിയ പഞ്ചായത്ത് റേഡിയോയും, ആഴ്ചയില്‍ കോഴിക്കോട്ടെ അങ്ങാടിയിലേക്ക് മൂത്താറാട്ട് അമ്മത് കുട്ടി ഹാജിയാരുടെ തേങ്ങ കയറ്റും പ്രൗഢിയോടെ മാലോല്‍ മീത്തല്‍. നില്ക്കുന്ന കാലം.
നടേരി കാവും വട്ടത്ത് നിന്നുമുള്ള ഒരു പയ്യന് മുട്ടിവെട്ടു കട തുടങ്ങുന്നു. ഓരോ സമുദായങ്ങള്‍ക്കും വെവ്വേറെ ഷൗരക്കാരുള്ള കാലമാണ്. വീടുകളില്‍ ചെന്നാണ് മുടിവെട്ടുക. ഈ ചുറ്റുവട്ടത്തു ഒന്നും ബാര്‍ബര്‍ ഷോപ്പ് ഇല്ല. നടേരി കടവ് കടന്നു കൊയിലാണ്ടിയില്‍ എത്തണം വലിയ കണ്ണാടി പതിച്ച പത്രാസുള്ള ബാര്‍ബര്‍ ഷോപ്പ് കാണാന്‍. അത് നമ്മുടെ നാട്ടിലും എത്തുന്നു. പാലാത്ത് ബാലനും നാടോല്‍ കുഞ്ഞി മൊയ്തിയും പേരിനു ഒരോ കട നടത്തുന്നു. ഓല കൊണ്ട് കെട്ടിമേഞ്ഞ ചെറിയ കൂരകളില്‍.
1974 ഫെബ്രുവരി 15 വെള്ളിയാഴ്ച്ച അങ്ങിനെ നമ്മുടെ ശശി ഊരള്ളൂരില്‍ എത്തുന്നു. വയസ്സ് 15, നന്നേ ചെറുപ്പം. ആളുകള്‍ സാകൂതം പുതിയ കടയെ നോക്കി. കുനിക്കാട്ടില്‍ അബൂബക്കര്‍ക്കയുടെ മലോല്‍ മീത്തലെ പീടികയില്‍ അങ്ങിനെ മുട്ടിവെട്ട് കട തുടങ്ങി.
പട്ടേരികണ്ടി കുഞ്ഞിരാമനില്‍ നിന്നും കടം വാങ്ങി അച്ഛന് നല്കിയ 200 രൂപയാണ് മുതല്‍ മുടക്ക്. വടകരയില്‍ നിന്നും വലിയ കണ്ണാടി എത്തുന്നു. പഴയ കസേര വീട്ടില്‍ നിന്നും കൊണ്ട് വന്നു. ഗുരുവും ബന്ധുവുമായ നരിക്കുനി ഭാസ്കരേട്ടന് നല്കിയ കത്തിയും പുതുതായി വാങ്ങിയ കത്രികയുമായി മുടി വെട്ടു തുടങ്ങി. മുടി വെട്ടു പഠിപ്പിച്ച പയ്യോളി തച്ചന് മുന്നിലെ അച്ചുവേട്ടന്റെയും, കീഴരിയൂരിലെ നാണുവേട്ടന്റെയും അനുഗ്രഹവും ശശിയേട്ടന് നന്ദി യോടെ സ്മരിക്കുന്നു.
കടയുടമ അബൂബക്കര്‍ക്ക ആദ്യ ആളായി നല്കിയ ഐശ്വര്യമുള്ള കൈനീട്ടം അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇന്നും ശശി ഓര്‍ക്കുന്നു. മുടി വെട്ടാന്‍ 75 പൈസയും, താടിക്കു 25 പൈസയുമുള്ള കാലം. ആളുകള്‍ വൈകിയും കടയില്‍ എത്തി കറന്റ് ഇല്ലാ കാലം ചെറിയ റാന്തല്‍ വിളക്കിന്റെ വെളിച്ചത്തില്‍ രാത്രിയും അന്ന് മുടിവെട്ടി
ചിലര്‍ അപ്പോഴും വീട്ടിലെത്തി മുടി വെട്ടുന്നവരെ ആശ്രയിച്ചു. പിന്നെ ആളുകള്‍ ശശിയുടെ കടയില്‍ മാത്രമാക്കി മുടിവെട്ടല്‍.
1984ല്‍ അയല്‍ക്കാരായി ഊരള്ളൂര്‍ പോസ്റ്റ് ഓഫീസും എത്തി. ചെറിയ കട പതിയെ വളര്‍ന്നു, ഇന്നത്തെ നിലയിലെ സലിജ ബാര്‍ബര്‍ഷോപ്പ് ആയി. എ.സിയും ആധുനിക സൗകര്യങ്ങളും ആയി. ഊരള്ളൂരില്‍ ബാര്‍ബര്‍ മാരായിയി പലരും വന്നു. പക്ഷെ ഞങ്ങള്‍ക്ക് പ്രിയം ശശിയേട്ടനെ തന്നെ അതോടൊപ്പം ശശിയും വളര്‍ന്നു.
‘വാളിക്കണ്ടി ശശി കാവുംവട്ടം’, പയറ്റു കണക്കിലും, കല്യാണ കവറിലും സ്ഥാനം പിടിച്ചു. ഊരള്ളുരുകാരുടെ സ്വന്തക്കാരനായി മാറി. ഊരള്ളൂര്‍ സ്വന്തം നാടായി മാറാന്‍ ശശിക്കും അധിക സമയം വേണ്ടി വന്നില്ല.
‘ഊരള്ളൂര്‍ ശശിയേട്ടന്റെ പ്രാണ വായു ആണെന്നും ഊരള്ളൂരില്‍ പോകാന്‍ പറ്റാത്ത കാലം ഓര്‍ക്കാന്‍ പോലും പറ്റുന്നില്ലെന്നു’ ശശിയേട്ടന്റെ ഭാര്യ സാവിത്രി ചേച്ചി പറയുന്നു.
ഹിപ്പിയും, ബച്ചന് കട്ടും, ബ്രൂസിലി കട്ടും, കുരുവിക്കൂടും, ബാബു ആന്റണി കട്ടും. ക്രോപും, പിന്നെ ഏറ്റവും പുതിയ ഫാഷനുകളും മുടിയിഴകളില്‍ പരീക്ഷിച്ച യൗവനങ്ങളെ തൃപ്തി പെടുത്തിയ ശശിയേട്ടന് ഞങ്ങളുടെ പ്രിയങ്കരനായി..
നാല് തലമുറയെ തന്റെ മുന്നില്‍ അനുസരണയോടെ തലകുനിച്ചു നിര്‍ത്തി മുടി വെട്ടിയ ശശി 65 വയസ്സ് കഴിഞ്ഞിട്ടും ഇന്നും വീട്ടില്‍ നിന്നും തിരിച്ചും 8 കിലോമീറ്ററോളം ദിവസവും നടക്കുന്നത് ആരോഗ്യത്തിന്റെ രഹസ്യമാണെന്ന് സമ്മതിക്കുന്നു.