നായയുടെ കടിയേറ്റത് നെറ്റിയുടെ ഭാഗത്ത്, പേവിഷബാധ വാക്‌സിന്‍ എടുത്തിട്ടും കൂത്താളി സ്വദേശിനി മരണത്തിന് കീഴടങ്ങി; മരണകാരണം സ്ഥിരീകരിക്കാന്‍ പരിശോധനാ ഫലം വരുന്നതുവരെ കാത്തിരിക്കണമെന്ന് ഡി.എം.ഒ


പേരാമ്പ്ര: നായ കടിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട കൂത്താളി സ്വദേശി പുതിയേടത്ത് ചന്ദ്രിക പേവിഷബാധയ്ക്കുള്ള രണ്ട് വാക്‌സിനുകള്‍ സ്വീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് ചന്ദ്രിക രണ്ടുതവണയും വാക്‌സിനുകള്‍ എടുത്തത്. മൂന്നാം ഡോസ് സ്വീകരിക്കേണ്ടതിന്റെ തലേദിവസമാണ് ചന്ദ്രികയ്ക്ക് തലവേദനയും പനിയും അനുഭവപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

തുടര്‍ന്ന് ചന്ദ്രികയെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

കഴിഞ്ഞ മാസം 21നാണ് വീടിനടുത്തുള്ള വയലില്‍വച്ച് ചന്ദ്രികയ്ക്ക് നായയുടെ കടിയേറ്റത്. നെറ്റിയുടെ ഭാഗത്തായിരുന്നു കടിയേറ്റത്. ഇവിടെ പഴുപ്പ് ബാധിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പറഞ്ഞതെന്ന് പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ രാഗിത കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കൂടാതെ ചന്ദ്രിക രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും മരുന്ന് കഴിക്കുന്നയാളാണ്.

ചന്ദ്രികയ്ക്കു പുറമേ എട്ടോളം പേര്‍ക്ക് അന്ന് നായയുടെ കടിയേറ്റിരുന്നു. വാക്‌സീനെടുത്തിട്ടും മരണം സംഭവിച്ചത് പ്രദേശത്ത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം മരണകാരണം സ്ഥിരീകരിക്കാന്‍ പരിശോധനാ ഫലം വരുന്നതുവരെ കാത്തിരിക്കണമെന്ന് കോഴിക്കോട് ഡി.എം.ഒ അറിയിച്ചു.


Also Read: തെരുവു നായയുടെ ആക്രമണത്തിൽ കടിയേറ്റ് ചികിത്സയിലായിരുന്ന പേരാമ്പ്ര കൂത്താളി സ്വദേശിനി മരിച്ചു