മോഷ്ടിക്കുന്ന വാഹനം ‘പാര്‍ട്‌സുകളാക്കി’ വില്‍പന; കൊയിലാണ്ടി സ്വദേശിയടക്കം നാല് പേര്‍ അറസ്റ്റില്‍


കോഴിക്കോട്: നഗരം കേന്ദ്രീകരിച്ച് വാഹനങ്ങള്‍ മോഷ്ടിക്കുകയും മണിക്കൂറുകള്‍ക്കകം പൊളിച്ച് വില്‍പന നടത്തുന്ന സംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍. വെള്ളയില്‍ ജോസഫ് റോഡിലെ കളിയാട്ട് പറമ്പില്‍ കെ.പി. ഇക്ബാല്‍ (54), കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശികളായ പാവര്‍ വയലില്‍ കെ.വി. യൂനസ് (38), കൊടക്കാടന്‍ കുനിയില്‍ കെ.കെ. മണി (42), പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥി എന്നിവരെയാണ് നടക്കാവ് ഇന്‍സ്പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.

മാര്‍ച്ച് 11ന് എരഞ്ഞിപ്പാലം സരോവരം ഭാഗത്ത് നിര്‍ത്തിയിട്ട പാസഞ്ചര്‍ ഓട്ടോ കവര്‍ന്ന കേസിലാണ് പ്രതികള്‍ പിടിയിലായത്. വിവിധ സി.സി.ടി.വി കാമറ ദൃശ്യങ്ങളും നഗരത്തിലെ വാഹന പൊളി മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെകുറിച്ച് വിവരം ലഭിച്ചത്.

മോഷ്ടിച്ച വാഹനം വാങ്ങി പൊളിച്ച് വില്‍പന നടത്തിയ മാര്‍ക്കറ്റിലെ കച്ചവടക്കാരനാണ് ഇക്ബാല്‍. എന്‍ജിന്‍ നമ്പറും ചേസ് നമ്പറും മായ്ച്ചാണ് വാഹനങ്ങള്‍ പൊളിച്ചുവില്‍പന നടത്തുന്നത്. മുന്‍കാലങ്ങളില്‍ മോഷണംപോയ വാഹനങ്ങള്‍ പലതും കണ്ടെത്താനാവാത്തതിനാല്‍ ഈ സംഘം പൊളിച്ച് വില്‍പന നടത്തിയോ എന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്.

യൂനസിനെതിരെ മറ്റു ചില സ്റ്റേഷനുകളില്‍ കേസുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു ജയിലിലേക്ക് മാറ്റി. വിദ്യാര്‍ഥിയെ ജുവനൈല്‍ ജസ്റ്റിസ് മുമ്പാകെ ഹാജരാക്കി. സബ് ഇന്‍സ്പെക്ടര്‍മാരായ ബിനു മോഹന്‍, ബാബു പുതുശ്ശേരി, എന്‍. പവിത്ര കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാര്‍, ബബിത്ത് കുറിമണ്ണില്‍, വി. സന്ദീപ്, ഷിജിത്ത് നായര്‍കുഴി, കെ.ടി. വന്ദന എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.