എല്ലിന്റെ ഡോക്ടര്‍മാര്‍ ട്രാന്‍സ്ഫര്‍ ആയി, സര്‍ജനും കണ്ണിന്റെ ഡോക്ടറും ചികിത്സാ അവധിയില്‍; ആവശ്യത്തിന് ജീവനക്കാരില്ലാതെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റിയ നിലയില്‍


കൊയിലാണ്ടി: ജീവനക്കാരുടെ അഭാവം കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി താലൂക്ക് ആശുപത്രിയില്‍ സ്‌പെഷ്യലൈസ്ഡ് ഒ.പിയില്‍ ദന്തരോഗ വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പൊതുവെ തന്നെ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്ത ആശുപത്രിയില്‍ സ്‌പെഷ്യലൈസ്ഡ് വിഭാഗങ്ങളിലെ ചില ഡോക്ടര്‍മാര്‍ നീണ്ട അവധിയിലേക്ക് പോയതും മറ്റുചിലര്‍ ട്രാന്‍സ്ഫര്‍ ആവുകയും ചെയ്തതാണ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താറുമാറാക്കിയതെന്നാണ് ആശുപത്രിയില്‍ നിന്നു ലഭിക്കുന്ന വിവരം.

എല്ലു രോഗവിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരാണുണ്ടായിരുന്നത്. ഡോക്ടര്‍ പ്രശാന്തും, ഡോ.റയീസും. ഇവര്‍ രണ്ടുപേര്‍ക്കും ആശുപത്രിയില്‍ നിന്നും ട്രാന്‍സ്ഫര്‍ ലഭിച്ചതോടെ എല്ലു രോഗ വിഭാഗത്തിന്റെ പ്രവര്‍ത്തനം മുടങ്ങിയ അവസ്ഥയിലാണ്. ഇന്നലെ എല്ലു രോഗവിഭാഗത്തില്‍ പകരക്കാരനായി ഒരു ഡോക്ടര്‍ ചുമതലയേറ്റിട്ടുണ്ട്. എങ്കിലും രണ്ടു ഡോക്ടര്‍മാരുള്ളപ്പോള്‍ തന്നെ ഒ.പി എല്ലാ ദിവസവും കൊണ്ടുപോകുന്നതില്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടായിരുന്നു.

തിങ്കള്‍ ബുധന്‍ ദിവസങ്ങളില്‍ ശസ്ത്രക്രിയ ആയതിനാല്‍ എല്ലുരോഗ വിഭാഗത്തിന്റെ ഒ.പി ഉണ്ടാവാറില്ല. ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ ഡ്യുട്ടി അനുസരിച്ചാണ് ഓര്‍ത്തോ ഒ.പി ഉണ്ടാവു ക. ഓര്‍ത്തോ വിഭാഗത്തിലുള്ള രണ്ടു ഡോക്ടര്‍മാരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് നെറ്റ് ഡ്യൂട്ടിയാണെങ്കില്‍ പിറ്റേദിവസം രാവിലെ അദ്ദേഹം ഡ്യൂട്ടിയിലുണ്ടാവില്ല. അതിനാല്‍ രണ്ടാമത്തെ ഡോക്ടര്‍ ജനറല്‍ ഒ.പിയിലാവുകയും അന്ന് ഓര്‍ത്തോ ഒ.പി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയായിരുന്നു. ഇപ്പോള്‍ ഒരു ഡോക്ടറായതോടു കൂടി സ്ഥിതി കുറേക്കൂടി വഷളായി.

സര്‍ജനും നേത്ര രോഗവിഭാഗത്തിലുണ്ടായിരുന്ന ഡോക്ടറും അസുഖത്തെ തുടര്‍ന്ന് നീണ്ട അവധിയിലാണ്. കുട്ടികളുടെ വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരുണ്ടായിരുന്നത് നിലവില്‍ ഒരാള്‍ മാത്രമാണ് ഡ്യൂട്ടിയുള്ളത്. മറ്റേയാള്‍ അവധിയിലാണ്. ഗൈനക്കോളജി വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരാണുള്ളത്. ഇതില്‍ ഒരു ഡോക്ടര്‍ക്ക് സൂപ്രണ്ടിന്റെ അധിക ചുമതല കൂടിയുള്ളതിനാല്‍ ഈ ഒ.പിയും കൃത്യമായി പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.

ദിവസം ആയിരത്തി അഞ്ഞൂറിലേറെപ്പേര്‍ ജനറല്‍ ഒ.പിയിലും ആയിരത്തോളം പേര്‍ സ്‌പെഷ്യലൈസ്ഡ് ഒ.പിയിലും ചികിത്സ തേടാറുള്ള ആശുപത്രിയുടെ സ്ഥിതിയാണിത് എന്നതാണ് ദു:ഖകരം. മഴക്കാലമായതിനാല്‍ വിവിധതരം പനികള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യമാണുള്ളത്. നിരവധി പേരാണ് പനി ചികിത്സയ്ക്കായി ഓരോ ദിവസവും എത്തുന്നത്. എന്നാല്‍ ആശുപത്രിയില്‍ ഇതുവരെ പനി ക്ലിനിക്ക് ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. അവധിയില്‍ പോയ ഡോക്ടര്‍മാര്‍ക്ക് എത്രയും പെട്ടെന്ന് പകരം സംവിധാനമുണ്ടാക്കുകയും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുകയും ചെയ്തില്ലെങ്കില്‍ ആയിരക്കണക്കിന് വരുന്ന രോഗികളാണ് ബുദ്ധിമുട്ടിലാകുക.