ഇനി എല്ലിന്റെ ഡോക്ടര്‍ എന്നുണ്ടാവും? കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ എല്ല് വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും സ്ഥലം മാറ്റം


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ എല്ലാ രോഗവിഭാഗത്തിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം. ഡോ. പ്രശാന്ത്, ഡോ. റയീസ് എന്നിവരായിരുന്നു എല്ല് രോഗവിഭാഗത്തിലുണ്ടായിരുന്നത്. രണ്ട് മൂന്ന് ദിവസം മുമ്പാണ് സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായി ഇവരെ സ്ഥലംമാറ്റിയത്. ആശുപത്രി കാര്യങ്ങളില്‍ ഏറെ ഊര്‍ജ്ജസ്വലമായി ഇടപെടുന്നവരായിരുന്നു ഇരുവരും.

ഡോക്ടര്‍മാരുടെ സ്ഥലംമാറ്റം എല്ല് രോഗവിഭാഗത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇന്നലെ മുതല്‍ ഇവര്‍ക്ക് പകരക്കാരനായി ഒരു ഡോക്ടര്‍ എത്തിയിട്ടുണ്ട്. എങ്കിലും ഓര്‍ത്തോ വിഭാഗം ഒ.പി പ്രവര്‍ത്തനം തുടങ്ങാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.

തിങ്കള്‍ ബുധന്‍ ദിവസങ്ങളില്‍ ശസ്ത്രക്രിയ ആയതിനാല്‍ എല്ലുരോഗ വിഭാഗത്തിന്റെ ഒ.പി ഉണ്ടാവാറില്ല. ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ ഡ്യുട്ടി അനുസരിച്ചാണ് ഓര്‍ത്തോ ഒ.പി ഉണ്ടാവുക. ഓര്‍ത്തോ വിഭാഗത്തിലുള്ള രണ്ടു ഡോക്ടര്‍മാരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് നൈറ്റ് ഡ്യൂട്ടിയാണെങ്കില്‍ പിറ്റേദിവസം രാവിലെ അദ്ദേഹം ഡ്യൂട്ടിയിലുണ്ടാവില്ല. അതിനാല്‍ രണ്ടാമത്തെ ഡോക്ടര്‍ ജനറല്‍ ഒ.പിയിലാവുകയും അന്ന് ഓര്‍ത്തോ ഒ.പി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയായിരുന്നു. ഇപ്പോള്‍ ഒരു ഡോക്ടറായതോടു കൂടി സ്ഥിതി കുറേക്കൂടി വഷളായ സ്ഥിതിയിലാണ്.