ഒരുഭാഗത്ത് പാഞ്ഞുവരുന്ന തീവണ്ടി എഞ്ചിന്‍; ഒന്നുമറിയാതെ ട്രാക്കിലൂടെ നടന്നു പോകുന്ന വായോധിക; തന്റെ ജീവന്‍ കൂടി അപകടത്തില്‍ പെടാമെന്നറിഞ്ഞിട്ടും ട്രാക്കിലേക്ക് ഓടി വൃദ്ധയെ രക്ഷിച്ച് കൊയിലാണ്ടി സിവില്‍ ഡിഫെന്‍സ് അംഗം ദാസന്‍


കൊയിലാണ്ടി: ചൊവ്വാഴ്ച ഉച്ചയ്ക്ക് ചെങ്ങോട്ടുകാവ് ഓവര്‍ ബ്രിഡ്ജിനു സമീപത്തുള്ള റോഡിലൂടെ കടന്നുപോകുമ്പോള്‍ വെറുതെ ഒന്ന് റെയില്‍വേ ട്രാക്കിലേക്ക് നോക്കിയതാമ് സിവില്‍ ഡിഫന്‍സ് കൊയിലാണ്ടി യൂണിറ്റ് അംഗമായ ദാസന്‍. കോഴിക്കോടു ഭാഗത്തുനിന്നും ഒരു തീവണ്ടി എഞ്ചിന്‍ കടന്നുവരുന്നുണ്ട്, ഇതൊന്നും അറിയാതെ ട്രാക്കിലൂടെ നടന്നുപോകുകയാണ് ഒരു വയോധിക.

തന്റെ ജീവന്‍ കൂടി അപകടത്തില്‍പ്പെടാവുന്ന ഒരു സാഹസത്തിന് മുതിരാതെ ദാസന് കണ്ടില്ലെന്ന് നടിച്ചു കടന്നുപോകാമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ മനസ് അനുവദിച്ചില്ല. രണ്ടാമതൊന്ന് ആലോചിക്കാതെ അദ്ദേഹം ട്രാക്കിലേക്ക് ഓടിക്കയറി ആ വൃദ്ധമാതാവിനെയുമെടുത്ത് പുറത്തേക്ക് ഓടി. ദാസന്റെ ഈ ഇടപെടല്‍ കൊണ്ട് 85 വയസുള്ള ആ മാതാവിന് ലഭിച്ചത് ഒരു നിമിഷം കഴിഞ്ഞിരുന്നെങ്കില്‍ എന്നെന്നേക്കുമായി നഷ്ടമാകുമായിരുന്ന തന്റെ ജീവന്‍ തന്നെയാണ്.

ദൈവത്തെപ്പോലെ തന്നെ കാത്തുരക്ഷിച്ച ദാസനെ ആ അമ്മ ചേര്‍ത്തു പിടിച്ച് മനസ് നിറഞ്ഞ് അനുഗ്രഹിച്ചു. ആ അമ്മയെ ബന്ധുക്കളുടെ അടുത്ത് സുരക്ഷിതമായി ഏല്‍പ്പിച്ചശേഷമാണ് ദാസന്‍ മടങ്ങിയത്. ഒരു ജീവന്‍ രക്ഷിക്കാനായതിന്റെ സംതൃപ്തിയോടെ.

സിവില്‍ ഡിഫെന്‍സ് കൊയിലാണ്ടി യൂണിറ്റ് ദാസന്റെ സേവനത്തിന് ആശംസകള്‍ നേരുകയും അഭിനന്ദിക്കുകയും ചെയ്തു.