”സ്‌പെഷ്യലൈസ്ഡ് ഒ.പികള്‍ ഡോക്ടര്‍ ലീവില്ലാത്ത ദിവസങ്ങളിലേ ഉണ്ടാവൂ, ഡോക്ടറുണ്ടെങ്കില്‍ തന്നെ ചികിത്സ കിട്ടണമെങ്കില്‍ ആദ്യ 30ല്‍ ഒരാളാവണം”; ഇതാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ അവസ്ഥ


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് കുറച്ചു മുമ്പുണ്ടായ ഒരു ഫോണ്‍ കോള്‍ വിവാദം ഓര്‍മ്മയുണ്ടോ? ‘എല്ലിന്റെ ഡോക്ടര്‍ എന്നുണ്ടാവും?’ എന്ന് വിളിച്ചന്വേഷിച്ചയാളോട് ‘ ഡോക്ടര്‍ ലീവില്ലാത്ത ദിവസങ്ങളില്‍ ഉണ്ടാവും’ എന്നു പറഞ്ഞതായിരുന്നു അന്നത്തെ പുകില്‍. എന്നാല്‍ ആ പറഞ്ഞത് തന്നെയാണ് ഇപ്പോള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ അവസ്ഥ, എല്ലിന്റെയെന്നല്ല ഏത് വിഭാഗമായാലും ഡോക്ടര്‍ക്ക് സൗകര്യമുണ്ടെങ്കില്‍ ഉണ്ടാകും, ഇല്ലെങ്കില്‍…..

കൊയിലാണ്ടി നഗരസഭയിലെയും അടുത്തുള്ള മൂടാടി, മേപ്പയ്യൂര്‍, കീഴരിയൂര്‍, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിലെയും ലക്ഷക്കണക്കിന് വരുന്ന ജനങ്ങള്‍ക്ക് ഏക ആശ്രയമായ താലൂക്ക് ആശുപത്രിയുടെ അവസ്ഥ ഇതാണ്. സ്‌പെഷലിസ്റ്റ് ഒ.പി വിഭാഗങ്ങളില്‍ ഡോക്ടര്‍ ഉണ്ടെങ്കില്‍ ഉണ്ട്, ഇല്ലെങ്കില്‍ മടങ്ങിപ്പോകണം, അല്ലെങ്കില്‍ ഏതെങ്കിലും സ്വകാര്യ ആശുപത്രിയിലോ അല്ലെങ്കില്‍ കുറച്ചകലെയായുള്ള കോഴിക്കോട്ടെയോ വടകരയിലെയോ ജില്ലാ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥ.

ദിവസം രണ്ടായിരത്തോളവും ചിലപ്പോള്‍ അതിലേറെയും രോഗികള്‍ ചികിത്സ ലഭിച്ചിരുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ കുറച്ചുകാലമായി വളരെക്കുറച്ച രോഗികള്‍ക്ക് മാത്രമേ ചികിത്സ ലഭിക്കുന്നുള്ളൂ. അതില്‍ തന്നെ മുക്കാല്‍ ഭാഗവും ജനറല്‍ വിഭാഗത്തില്‍ ചികിത്സതേടുന്നവരാണ്. രോഗികള്‍ കുറഞ്ഞിട്ടല്ല, ജനറല്‍ വിഭാഗത്തിലെ ഡോക്ടറെ പ്രതീക്ഷിച്ച് മാത്രമേ ഇവിടെ വന്നിട്ടു കാര്യമുള്ളൂവെന്നും സ്‌പെഷ്യലൈസ്ഡ് ഒ.പികളുടെ കാര്യം ഓരോരുത്തരുടെയും ഭാഗ്യം പോലെയിരിക്കുമെന്നതിനാല്‍ പലരും ഇവിടേക്ക് വരാന്‍ മടിക്കുകയാണെന്നാണ് രോഗികള്‍ പറയുന്നത്.

ഗൈനക്, മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ദിവസം 30 ഒ.പി ശീട്ടുകള്‍ മാത്രമേ നല്‍കൂ. അത്രയേ നല്‍കാന്‍ പാടുള്ളൂവെന്ന് ഈ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ടെന്നാണ് അറിയുന്നത്. ഇതിന് പുറമേ ജനറല്‍ ഒ.പിയില്‍ നിന്നും റഫര്‍ ചെയ്ത കേസുകള്‍ കൂടി പരിശോധിക്കും. മുമ്പുണ്ടായിരുന്ന ഡോക്ടര്‍മാര്‍ നൂറും അതിന് മുകളിലും രോഗികളെ പരിശോധിച്ച സ്ഥാനത്താണിത്. മേപ്പയ്യൂരുള്ള ഒരാള്‍ക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മെഡിസിന്‍ വിഭാഗത്തിലെ ഈ നാല്‍പ്പത് നമ്പറിനുള്ളില്‍ വരണമെങ്കില്‍ പുലര്‍ച്ചെ മൂന്നുമണിക്കോ നാലുമണിക്കോ വീട്ടില്‍ നിന്നിറങ്ങി ആശുപത്രിയിലെത്തി ക്യൂ നില്‍ക്കേണ്ട സ്ഥിതിയാണ്. ഇനി അങ്ങനെ റിസ്‌ക് എടുത്ത് വന്നാല്‍ തന്നെ അന്ന് മെഡിസിന്‍ ഒ.പിയുണ്ടാവുകയും വേണം. ഇല്ലെങ്കില്‍ മടങ്ങിപ്പോകണമെന്നതാണ് നിലവിലെ അവസ്ഥ.

ചര്‍മ്മ രോഗവിഭാഗം ഒ.പി പ്രവര്‍ത്തിച്ചിട്ടുതന്നെ നാലുമാസത്തോളമായി. അന്വേഷിക്കുമ്പോള്‍ ഡോക്ടര്‍ 15 ദിവസത്തെ ലീവിലാണെന്നാണ് ആശുപത്രി സൂപ്രണ്ട് മറുപടി നല്‍കിയത്. ഈ കാലാവധി കഴിയുമ്പോള്‍ അവധി നീട്ടും. അങ്ങനെ ഇപ്പോള്‍ നാലുമാസത്തിലേറെയായി ചര്‍മ്മ രോഗ വിഭാഗം ഒ.പി പ്രവര്‍ത്തിച്ചിട്ട്. ശിശുരോഗ വിഭാഗം ഒ.പി കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. സ്‌കൂള്‍ തുറന്ന് കുട്ടികളിലും മറ്റും പനി പോലുള്ള രോഗങ്ങള്‍ വ്യാപകമായ അവസ്ഥയിലാണ് താലൂക്ക് ആശുപത്രിയില്‍ ശിശുരോഗവിഭാഗം പ്രവര്‍ത്തിക്കാതെ കിടക്കുന്നത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളിലെ കണക്ക് നോക്കാം. ജൂണ്‍ 24ന് നാല് സ്‌പെഷ്യലൈസ്ഡ് ഒ.പി വിഭാഗങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. മെഡിസിന്‍ വിഭാഗത്തില്‍ 69ഉം സ്ത്രീരോഗ വിഭാഗത്തില്‍ 75ഉം രോഗികളെയാണ് ചികിത്സിച്ചത്. അതേസമയം ഇ.എന്‍.ടി വിഭാഗത്തില്‍ നൂറിലേറെ രോഗികള്‍ ചികിത്സയ്‌ക്കെത്തിയിട്ടുണ്ട്. ജൂണ്‍ 25ന് മൂന്ന് സ്‌പെഷ്യലൈസ്ഡ് വിഭാഗങ്ങളില്‍ മാത്രമാണ് ഡോക്ടര്‍മാരുണ്ടായിരുന്നത്. ഇ.എന്‍.ടി, ഓര്‍ത്തോ ഡന്റല്‍ വിഭാഗങ്ങളില്‍ മാത്രം. ജൂണ്‍ 26ന് അഞ്ച് സ്‌പെഷ്യലൈസ്ഡ് വിഭാഗങ്ങളാണുണ്ടായിരുന്നത്. ഇതില്‍ മെഡിസിന്‍ വിഭാഗത്തില്‍ വെറും 49 രോഗികളെ മാത്രമാണ് ചികിത്സിച്ചത്. ഗൈനക് ഒ.പിയില്‍ 52ഉം. മെഡിസിന്‍, ഗൈനക് വിഭാഗങ്ങളില്‍ ശരാശരി 50നും 60നും ഇടയില്‍ രോഗികളെ മാത്രമാണ് ഒരു ദിവസം പരിശോധിക്കുന്നതെന്നാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളിലെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ലക്ഷ്യ പദ്ധതി പ്രകാരമുള്ള സൗകര്യമടക്കമുള്ള ആശുപത്രിയിലാണ് സ്ത്രീരോഗ വിഭാഗത്തില്‍ ഇത്രയും കുറഞ്ഞ രോഗികള്‍ക്ക് ചികിത്സ നല്‍കുന്നത്.

ഒ.പി മാത്രമല്ല പ്രശ്‌നം. പൊതുജനത്തില്‍ നിന്ന് പിരിവെടുത്ത് നാല് ഷിഫ്റ്റ് ആയി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ഡയാലിസിസ് യൂണിറ്റ് ഇപ്പോഴും രണ്ട് ഷിഫ്റ്റില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനായി വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സാധാരണക്കാരായ ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത ഒന്നേമുക്കാല്‍ കോടി രൂപ മുന്‍ എംഎല്‍എയുടെയും മുന്‍ നഗരസഭാ ചെയര്‍മാന്റെയും പേരിലുള്ള അക്കൗണ്ടില്‍ വെറുതെ കിടക്കുകയാണ്. പോര്‍ട്ടബിള്‍ എക്‌സറേ സംവിധാനം ഉപയോഗപ്പെടുത്താത്തത് അസ്ഥികള്‍ക്ക് ക്ഷതം സംഭവിച്ചത് ഉള്‍പ്പെടെ ഉള്ള ദുരിതവുമായി എത്തുന്ന വരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്.