മൂരാട് പുതിയ പാലത്തിനായി നിര്‍മ്മിച്ച രണ്ട് തൂണുകള്‍ക്ക് ചരിവ്; പരാതിയുമായി നാട്ടുകാര്‍


മൂരാട്: ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി മൂരാട് നിര്‍മിക്കുന്ന പുതിയ പാലത്തിനായി പുഴയില്‍ നിര്‍മിച്ച തൂണുകളില്‍ രണ്ടെണ്ണത്തിന് ചരിവെന്ന് ആക്ഷേപം. പുഴയിലെ രണ്ടു വശത്തും മണ്ണ് നീക്കാത്തത് കാരണം നടു ഭാഗത്ത് വലിയ അടിയൊഴുക്ക് ഉണ്ടായത് മൂലമാണ് പൈലങ്ങിന് കേടുപാടുകള്‍ സംഭവിച്ചത്.

ഏഴ് മാസം മുമ്പേ പൂര്‍ത്തിയാകേണ്ട പൈലിങ് ജോലികള്‍ ഒരു ആഴ്ച മുമ്പാണ് പൂര്‍ത്തിയായത്. രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ പുഴയില്‍ നല്ല ഒഴുക്കുണ്ട്. ഇതോടെ തൂണുകള്‍ ചരിഞ്ഞെന്നാണ് സംശയം.

ഇതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് വിഷയം എന്‍.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. ചരിഞ്ഞ രണ്ട് തൂണുകളും പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചത് സംശയമുയര്‍ത്തുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചരിഞ്ഞ തൂണുകളെ ഇരുമ്പുകമ്പി ഉപയോഗിച്ച് വെല്‍ഡ് ചെയ്ത് മറ്റ് തൂണുകളുമായി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇതില്‍ പ്രശ്‌നമൊന്നുമില്ലെന്നാണ് കമ്പനിയുടെ പ്രതിനിധികള്‍ പറയുന്നത്. പതിനഞ്ച് മീറ്ററോളം നീളമുള്ളതാണ് ഓരോ തൂണുകളും. ഇതില്‍ അടിവശത്തെ പാറയില്‍ നിന്ന് ഒന്നരമീറ്റര്‍ താഴ്ചയേ ഉള്ളൂ. ബാക്കിയെല്ലാം മുകളിലേക്കാണ്. ഇതില്‍ ഭൂരിഭാഗവും വെള്ളത്തിലാണുള്ളത്. തൂണുകളുടെ മുകളില്‍ കോണ്‍ക്രീറ്റ് വരുന്നതോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നുമാണ് കമ്പനിയുടെ വിശദീകരണം.

..