ജനസമക്ഷം സിൽവർലൈൻ: പൗരപ്രമുഖരെ കാണാൻ‌ മുഖ്യമന്ത്രി ഇന്ന് കോഴിക്കോട് എത്തും; വേദിയിലേക്കു മാർച്ച് ചെയ്യാനൊരുങ്ങി സമര സമിതി


കോഴിക്കോട്: ജനസമക്ഷം സിൽവർലൈൻ പരിപാടി ഇന്ന് മൂന്ന് മണിക്ക് കോഴിക്കോട്ട് നടക്കും. സിൽവർലൈൻ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ ദൂരീകരിച്ചു നൽകുന്നതിനായി കോഴിക്കോട് ജില്ലയിലെ പൗരപ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും.

യോഗത്തിൽ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, വിവിധ തുറകളിലുള്ള വികസന തത്പരർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.കെ-റെയിൽ മാനേജിങ് ഡയറക്ടർ വി. അജിത് കുമാറാണ് പദ്ധതി അവതരണം നടത്തുക.

അതേസമയം, യോഗം നടക്കുന്ന വേദിയിലേക്കു കെറെയിൽ വിരുദ്ധ സമര സമിതി മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്ടു നിന്ന് ആരംഭിച്ച സിൽവർലൈൻ വിരുദ്ധ യാത്ര ഇന്നാണ് ജില്ലയിലെത്തുന്നത്. ഈ യാത്ര മുഖ്യമന്ത്രിയുടെ വിശദീകരണ വേദിയിലേക്കു സംഘടിപ്പിക്കാനാണു തീരുമാനം. സിൽവർലൈൻ പദ്ധതിയെ എതിർക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളോടു സമര സമിതി മാർച്ചിനു പിന്തുണ തേടിയിട്ടുണ്ട്.

സിൽവർ ലൈൻ യാഥാർത്ഥ്യമാവുമ്ബോൾ സംസ്ഥാനത്തെ ആദ്യ ഭൂഗർഭ റെയിൽവേ സ്റ്റേഷനായി കോഴിക്കോട് മാറും. ജില്ലയിലൂടെ 74.65 കിലോമീറ്റർ ദൂരത്തിലാണ് സിൽവർലൈൻ കടന്നുപോകുന്നത്.