ഓണത്തിന് രണ്ടാഴ്ചമാത്രം ബാക്കി, കൊയിലാണ്ടി ഉൾപ്പെടെയുള്ള മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾക്ക് ക്ഷാമം


കൊയിലാണ്ടി: ഓണത്തിന് രണ്ടാഴ്ചയോളം ബാക്കിനില്‍ക്കെ കൊയിലാണ്ടിയിലെ മാവേലി സ്‌റ്റോറുകളില്‍ സബ്‌സിഡി സാധനങ്ങള്‍ മിക്കതും ഇല്ല. പതിമൂന്ന് സബ്‌സിഡി സാധനങ്ങള്‍ മാവേലി സ്റ്റോറു വഴി വിതരണം ചെയ്യുന്നതില്‍ മൂന്നോ നാലോ സാധനങ്ങള്‍ മാത്രമാണ് മിക്ക ഇടത്തും സബ്‌സിഡി നിരക്കില്‍ വില്‍ക്കാനുള്ളത്.

നിലവില്‍ മാവേലി സ്റ്റോറുകളെ സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്നത് അരിയ്ക്കും, മുളകിനും ചെറുപയറിനുമൊക്കെയാണ്. കടല, പരിപ്പ്, മുളക് എന്നിവ മാവേലി സ്റ്റോറുകള്‍ വഴി വിതരണം ചെയ്തിട്ട് ഏറെയായി. അരിയാകട്ടെ, കുറഞ്ഞ അളവിലാണ് ഓരോ സ്‌റ്റോറുകള്‍ക്കും ലഭിക്കുന്നത്. ഇത് സ്‌റ്റോക്ക് വന്ന് മണിക്കൂറുകള്‍ക്കകം തീരുന്ന സ്ഥിതിയാണ്.

ഇരുപത്തിയഞ്ച് രൂപ നിരക്കില്‍ പത്ത് കിലോ അരിയാണ് മാവേലി സ്‌റ്റോറുകളില്‍ നിന്നും ഒരു മാസം രണ്ടുതവണയായി ഒരു കാര്‍ഡില്‍ ലഭിക്കുന്നത്. പൊതുവിപണിയില്‍ നാല്‍പ്പത്തിയഞ്ചിന് മുകളിലാണ് അരിയുടെ വില. സാധാരണക്കാര്‍ക്ക് ഏറെ ആശ്രയമായിരുന്നു ഈ അരി.

മാര്‍ക്കറ്റില്‍ കിലോയ്ക്ക് ഇരുനൂറിലേറെ വില വരുന്ന മുളക് അരകിലോ 38രൂപ എന്ന രീതിയിലാണ് മാവേലി സ്റ്റോറുകള്‍ വഴി വിതരണം ചെയ്യുന്നത്. പൊതുവിപണിയില്‍ 42 മുതല്‍ 44 കിലോ വരെയാണ് പഞ്ചസാരയുടെ വില. മാവേലി സ്റ്റോറില്‍ 22 രൂപയ്ക്കാണ് ഒരു കിലോ പഞ്ചസാര സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത്. ഉഴുന്നിന് 66 രൂപ മാവേലിയിലുള്ളപ്പോള്‍ പൊതുമാര്‍ക്കറ്റില്‍ 120 രൂപയാണ് വില. ചെറുപയറിന് പൊതുവിപണിയില്‍ 150 രൂപയുള്ളപ്പോള്‍ മാവേലിയില്‍ 75 രൂപയ്ക്ക് ലഭിക്കും. ഓണക്കാലമായതിനാല്‍ ചെറുപയറിന് ആവശ്യക്കാര്‍ ഏറുന്ന സമയമാണ്.

ഇത്തരത്തില്‍ മിക്ക സാധനങ്ങള്‍ക്കും പൊതുവിപണിയിലുള്ള വിലയേക്കാള്‍ വളരെ കുറഞ്ഞ വിലയാണ് നല്‍കേണ്ടത് എന്നതിനാല്‍ മാവേലി സ്റ്റോറുകളെ ആശ്രയിക്കുന്നവര്‍ ഏറെയാണ്. ദീര്‍ഘനേരം വരിയില്‍ നിന്നാലും അരക്കിലോ വീതമൊക്കെയാണ് സബ്‌സിഡി സാധനങ്ങള്‍ കിട്ടുമെങ്കിലും കുടുംബ ബജറ്റ് പിടിച്ചുനിര്‍ത്താന്‍ സാധാരണക്കാരെ ഇത് ഏറെ സഹായിച്ചിരുന്നു.

കൊല്ലത്തെ മാവേലി സ്‌റ്റോറില്‍ നിലവില്‍ നാല് സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യാന്‍ സ്‌റ്റോക്കുള്ളത്. മല്ലി, വെളിച്ചെണ്ണ, ചെറുപയര്‍, ഉഴുന്ന് എന്നിവ. മുളകും വന്‍പയറും ഒഴികെയുള്ള സബ്‌സിഡി സാധനങ്ങള്‍ കൊയിലാണ്ടി ഡിപ്പോയിലുണ്ട്. എത്തുന്ന സ്‌റ്റോക്ക് അനുസരിച്ച് ഇവ സ്‌റ്റോറുകളിലേക്ക് വിതരണം ചെയ്യുന്നുമുണ്ട്. എന്നാല്‍ ആവശ്യത്തിന് സ്‌റ്റോക്ക് എത്താത്തതിനാല്‍ ഡിപ്പോയ്ക്ക് കീഴിലെ എല്ലാ സ്‌റ്റോറുകള്‍ക്കും ഇവ വിതരണം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്.

ഓണക്കാലത്ത് പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ മാവേലി സ്‌റ്റോറുകള്‍ക്കും സഹകരണവിപണികള്‍ക്കും വലിയ പങ്കുണ്ട്. ഉത്സവകാലം പരിഗണിച്ച് ഇത്തരം സ്ഥാപനങ്ങളിലൂടെ വില കുറച്ച് സാധനങ്ങള്‍ ലഭ്യമാകുമ്പോള്‍ പൊതുവിപണിയും വില കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുമായിരുന്നു. എന്നാല്‍ ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ, മാവേലി സ്‌റ്റോറുകളും സഹകരണ വിപണികളും സജീവമാകാത്തത് പൊതുവിപണിയില്‍ വിലക്കയറ്റത്തിന് ഇടയാക്കുമെന്ന ആശങ്കയിലാണ് സാധാരണക്കാര്‍.

Summary: Shortage of subsidized goods in Maveli stores including Koyilandy