പേരാമ്പ്ര കായണ്ണയിലെ കല്യാണ വീട്ടില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗല്ല ബാക്ടീരിയയെന്ന് സംശയം; നൂറിലേറെ പേർ ചികിത്സ തേടി; ഒരാൾ അതിതീവ്ര പരിചരണ വിഭാഗത്തിൽ; പ്രതിരോധ മാർഗങ്ങൾ അറിയാം


പേരാമ്പ്ര: കായണ്ണയിലെ കല്യാണ വീട്ടില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗല്ല ബാക്ടീരിയ ആണെന്ന് സംശയം. കല്യാണം നടന്ന വീട്ടിലെ വെള്ളം പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം തിരിച്ചറിഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഇല്ല. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.

വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങളുമായി നൂറിലധികം പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയേറ്റവരില്‍ കൂടുതലും കുട്ടികളാണെന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരില്‍ ഒരാള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

കായണ്ണ പഞ്ചായത്തിലെ 12-ാം വാര്‍ഡ് മെമ്പര്‍ പുതിയോട്ടില്‍ വിനയയുടെ മകളുടെ വിവാഹ വീട്ടിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഞായറാഴ്ചയായിരുന്നു വിവാഹം. എല്ലാ തരം ഭക്ഷണം കഴിച്ചവര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതായാണ് വിവരം. ഇതിനാല്‍ തന്നെ വെള്ളത്തിലൂടെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശശി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഷിഗല്ല ബാക്ടീരിയ

ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയും പകരുന്ന ബാക്ടീരിയയാണ് ഷിഗല്ല. വയറിളക്കമാണ് പ്രധാന ലക്ഷണം. സാധാരണ വയറിളക്കത്തേക്കാള്‍ ഗുരുതരമാണ് ഇത്.

രോഗലക്ഷണം ഗുരുതരമായാല്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ മരണസാധ്യത കൂടുതലാണ്. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ ഷിഗല്ല രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും.

രോഗലക്ഷണങ്ങള്‍

വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗല്ലരോഗ ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാല്‍ വയറിളക്കമുണ്ടാവുമ്പോള്‍ രക്തവും പുറംതള്ളപ്പെടാം.

രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലകേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും. പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം.

പ്രതിരോധ മാര്‍ഗങ്ങള്‍

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
വ്യക്തിശുചിത്വം പാലിക്കുക.
തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.
കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്‌കരിക്കുക.
രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകംചെയ്യാതിരിക്കുക.
പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക.
വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.
കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.
വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക.
രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
രോഗ ലക്ഷണമുള്ളവര്‍ ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ കഴിക്കുക.
കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക.