ഷീബ രാമചന്ദ്രന്‍ അത്തോളി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇന്ന് രാജിവെക്കും; മടക്കം പഞ്ചായത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതിന്റെ സംതൃപ്തിയോടെയെന്ന് പ്രസിഡന്റ്
അത്തോളി: അത്തോളി പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ ഇന്ന് രാജിവെക്കും. വൈകുന്നേരം പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി കെ.ഹരിഹരന് രാജിക്കത്ത് നല്‍കും. രണ്ടരവര്‍ഷക്കാലം പൂര്‍ത്തിയായാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന നേരത്തെയുണ്ടായ കോണ്‍ഗ്രസിന്റെ നയപരമായ തീരുമാനപ്രകാരമാണ് രാജി. പതിനാറാം വാര്‍ഡ് മെമ്പറും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ ബിന്ദു രാജന്‍ പുതിയ പ്രസിഡന്റായി ചുമതയേല്‍ക്കും.
പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നിലവിലെ പ്രസിഡന്റ് രാജി വെച്ചാല്‍ 15 ദിവസം കൊണ്ട് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തണം. അതുവരെ പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റിനാണ്. ഇത് പ്രകാരം വൈസ് പ്രസിഡന്റ് സന്ദീപ് നാലു പുരയ്ക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വഹിക്കും.
2010ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലാണ് ഷീബാ രാമചന്ദ്രനും ബിന്ദു രാജനും മത്സരിക്കുന്നതും വിജയിച്ച് പഞ്ചായത്ത് മെമ്പറാകുന്നതും, അതെ ഭരണ സമിതിയില്‍ ഷീബാ രാമ ചന്ദന്‍ സ്ഥിരം സമിതി അധ്യക്ഷയായി. 2015 പ്രതിപക്ഷത്തായിരുന്നു. 2020 ല്‍ ഇരുവരും വീണ്ടും മത്സരിച്ച് പഞ്ചായത്ത് അംഗങ്ങളായി. 2020ലെ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച വാര്‍ഡ് മെമ്പര്‍ എന്ന ഖ്യാതിയും ഷീബ രാമചന്ദ്രന്‍ സ്വന്തമാക്കിയിരുന്നു.
2020 ല്‍ യുഡിഎഫ് ഭരണം ലഭിച്ചപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഷീബ രാമചന്ദ്രനും ബിന്ദു രാജനും ഒരുപോലെ പരിഗണിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് രണ്ടരവര്‍ഷക്കാലം ഷീബ രാമചന്ദ്രനും രണ്ടരവര്‍ഷക്കാലം ബിന്ദുവും എന്ന തീരുമാനത്തിലെത്തിയത്.
പഞ്ചായത്തിനുവേണ്ടി ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനായതിന്റെ സംതൃപ്തിയോടെയാണ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതെന്ന് ഷീബ രാമചന്ദ്രന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. അത്തോളി ബഡ്‌സ് സ്‌കൂള്‍ പണി തുടങ്ങിക്കഴിഞ്ഞു, ടേക്ക് എ ബ്രേക്ക് ഏകദേശം പൂര്‍ത്തീകരിച്ചു. അത്തോളിയില്‍ അവഗണിക്കപ്പെട്ടിരുന്ന കുനിയില്‍ കുളം അഞ്ച് ലക്ഷം രൂപ ചെലവില്‍ നവീകരിച്ച്, ഇവിടെ റസ്റ്റിങ് റൂം അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി, കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കാനുള്ള നീന്തല്‍ സാക്ഷരതാ കേന്ദ്രമാക്കി. ഇവിടെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പരിശീലകനെ ലഭ്യമാക്കാനുള്ള നടപടിയുമായി.
2019ല്‍ പഞ്ചായത്തില്‍ നിര്‍മ്മിച്ച എം.സി.എഫ് കേന്ദ്രം ഏറെ പരിമിതികളുള്ളതായിരുന്നു. ശേഖരിച്ച് വെയ്ക്കുന്ന പ്ലാസ്റ്റിക് മഴയത്ത് നനയുകയും മറ്റും ചെയ്തിരുന്നു. ഇവിടെ പതിനൊന്നുലക്ഷം രൂപ ചെലവില്‍ ഷീറ്റുമേഞ്ഞ് വിപുലീകരിച്ചു.
അത്തോളി പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ജലജീവന്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങി. ഇതിനായി ടാങ്ക് നിര്‍മ്മിക്കാന്‍ 28 സെന്റ് സ്ഥലം കണ്ടെത്തുകയും ടാങ്കിന്റെ പ്രവൃത്തി തുടങ്ങുകയും ചെയ്തു. അത്തോളിയില്‍ കൃഷിഭവനും മൃഗാശുപത്രിക്കും പുതിയ കെട്ടിടം നിര്‍മ്മിച്ച് പൂര്‍ത്തിയാക്കി. പഞ്ചായത്തില്‍ ഒരു കളിസ്ഥലത്തിനായി സ്ഥലം കണ്ടെത്തി, അവിടെ അന്തര്‍ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയം പണിയാന്‍ കേന്ദ്രസര്‍ക്കാറിന്റെ സഹായം തേടുകയും ചെയ്തിട്ടുണ്ടെന്നും ഷീബ വ്യക്തമാക്കി.