കടത്തനാടിന് ആവേശമായി ഷാഫി; പാലക്കാട്ടെ വൈകാരിക യാത്രയയപ്പിന് പിന്നാലെ വടകരയിൽ വൻ സ്വീകരണം


Advertisement

വടകര: ലോക്സഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് വൻവരവേൽപ്പ് നൽകി വടകര. ആയിരക്കണക്കിന് പ്രവർത്തകരാണ് ഷാഫിയെ കാണാനും സ്വീകരിക്കാനുമായി കോട്ടപ്പറമ്പ് മെെതാനത്തിൽ സംഘടിപ്പിച്ച കൺവെൻഷനിലേക്ക് ഒഴുകിയെത്തിയത്. വെെകീട്ട് ആറ് മണിയോടുകൂടി വടകരയിലെത്തിയ ഷാഫിയെ പുതിയ ബസ് സ്റ്റാന്റ് പരിസരം മുതൽ കോട്ടപ്പറമ്പ് വരെ ശിങ്കാരി മേളം, ബാന്റ് മേളം ഉൾപ്പെടെയുള്ളവയുമായി വമ്പൻ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. ഷാഫി പറമ്പിലിനെ വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുറന്ന വാഹനത്തില്‍ റോഡ് ഷോ ആയിട്ടാണ് കൺവെൻഷൻ നടക്കുന്ന കോട്ടപ്പറമ്പ് മെെതാനിയിൽ എത്തിച്ചത്.

Advertisement

കൺവെൻഷൻ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൻ്റെ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ടി സിദ്ദിഖ്, എം.കെ രാഘവൻ എം.പി, പി ടി വിഷ്ണുനാഥ്, കെ കെ രമ എം.എൽ.എ, വി ടി ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ, മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ള തുടങ്ങിയ നിരവധി യുഡിഎഫ് നേതാക്കൾ പങ്കെടുത്തു.

Advertisement

സിറ്റിം​ഗ് എംപിയായ കെ മുരളീധരനായിരിക്കും വടകരയിൽ നിന്ന് മത്സരിക്കുക എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ പിന്നീട് മുരളീധരനെ തൃശ്ശൂരിലേക്ക് മാറ്റി ഷാഫി പറമ്പിലിനെ വടകരയിലെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. സർപ്രെെസ് സ്ഥാനാർത്ഥിയായാണ് വടകരയിലെത്തിയതെങ്കിലും വമ്പൻ സ്വീകരണമാണ് ഇവിടെ ഷാഫിയെ കാത്തിരുന്നത്. വെെകീട്ട് മൂന്ന് മണിമുതൽ തന്നെ വടകര ന​ഗരം ജന നിബിഡമായിരുന്നു.

Advertisement

മട്ടന്നൂർ എംഎൽഎയായ കെകെ ശെെലജയാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി. രണ്ട് എംഎൽഎമാർ മാറ്റുരയ്ക്കുന്നതിനാൽ ശക്തമായ പോരാട്ടമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകര കാഴ്ചവെക്കാൻ പോവുക എന്ന കാര്യം തീർച്ചയാണ്.