വടകരയില്‍ മത്സരിക്കുന്നതില്‍ ഷാഫി പറമ്പിലിനും അതൃപ്തി; നേതൃത്വത്തെ അറിയിച്ചെന്ന് സൂചന, സ്ഥാനാർഥി പ്രഖ്യാപനം നീളുന്നു


വടകര: വടകര ലോക്‌സഭാ മത്സരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ഷാഫി പറമ്പിലിന് അതൃപ്തി. മുതിര്‍ന്ന നേതാക്കളെ ഷാഫി ഇക്കാര്യം അറിയിച്ചതായാണ് സൂചന.

പാലക്കാട് നിയോജകമണ്ഡലം ഒഴിവാക്കി വടകരയിലേക്ക് പോകുന്നത് രാഷ്ട്രീയപരമായി യു.ഡി.എഫിന് ക്ഷീണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഷാഫി അതൃപ്തിയറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്നും ഷാഫി മത്സരിക്കുമെന്ന പ്രചരണങ്ങള്‍ നേരത്തെയുണ്ടായിരുന്നു. എന്നാല്‍ താന്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ തന്നെ തുടരുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം ആ സമയത്ത് അറിയിച്ചിരുന്നു.

വടകരയില്‍ സിറ്റിങ് എം.പിയായ കെ.മുരളീധരന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നായിരുന്നു കഴിഞ്ഞദിവസം വരെ പറഞ്ഞിരുന്നത്. എന്നാല്‍ മുരളീധരന്റെ സഹോദരി കൂടിയായ കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ വടകര മണ്ഡലത്തില്‍ മുരളീധരന്‍ മത്സരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവിടെ ഷാഫി പറമ്പിലിനെ പരിഗണിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.