കെ.എസ്.ആർ.ടി.സി ബസ്സിൽ പതിനേഴ് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ വടകര സ്വദേശിയായ പ്രതിക്ക് ആറുവർഷം കഠിനതടവും ഒരുലക്ഷത്തി അൻപതിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി



വടകര:
പതിനേഴുവയസ്സുകാരികാരിയെ കെ.എസ്.ആർ.ടി.സി ബസ്സിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിന തടവും, ഒരു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും. വടകര പാക്കയിൽ സ്വദേശി ആനപ്പാന്റെവിട റിനീഷ്കുമാർ ( 42) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പി ശിക്ഷ വിധിച്ചത്.

2020 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കെ.എസ്.ആർ.ടി.സി ബസ്സിൽ മാനന്തവാടിയിൽ നിന്നും കുറ്റ്യാടി വരെ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയുടെ അടുത്തു ഇരുന്നു യാത്ര ചെയ്യുകയായിരുന്ന പ്രതി യാത്രാ മധ്യേ പെൻകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചപ്പോൾ ബസ് കണ്ടക്ടർ അടുത്തു വരികയും പെൺകുട്ടി കാര്യം പറയുകയുമായിരുന്നു. ബസ് ഉടൻ തൊട്ടിൽപാലം പോലീസ് സ്റ്റേഷനിക്ക് കൊണ്ടുപോവുകയുമായിരുന്നു.

പിഴ സംഖ്യയിൽ ഒരു ലക്ഷം രൂപ പരാതിക്കാരിക്കു നൽകാനും, പിഴ സംഖ്യ അടച്ചില്ലെങ്ങിൽ ഒന്നര വർഷം കൂടെ പ്രതി തടവ് ശിക്ഷ അനുഭവിക്കണം എന്നും വിധിന്യായത്തിൽ പറയുന്നു. തൊട്ടിൽപ്പാലം പോലീസ് രജിസ്റ്റർ ചെയ്ത കേസ് നാദാപുരം അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് അങ്കിത് അശോകൻ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.