ബെംഗളൂരുവില്‍ നിന്ന് സ്ത്രീകളെ എത്തിച്ചു, ലോഡ്ജില്‍ പാര്‍പ്പിച്ച് പെണ്‍വാണിഭം; കോഴിക്കോട് രണ്ട് പേര്‍ അറസ്റ്റില്‍


കോഴിക്കോട്: സ്ത്രീകളെ ലോഡ്ജില്‍ താമസിപ്പിച്ച് പെണ്‍വാണിഭം നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. കോഴിക്കോട് കസബ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മലപ്പുറം വള്ളിക്കുന്ന് സ്വദേശി മാങ്ങാട്ടുഞാലില്‍ സനീഷ് (35), പാലക്കാട് സ്വദേശി ആലത്തൂര്‍ പത്തനാപുരം ഷമീര്‍ (33) എന്നിവരാണ് അറസ്റ്റിലായത്.

ബെംഗളൂരുവില്‍ നിന്ന് സ്ത്രീകളെ എത്തിച്ച് നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ താമസിപ്പിച്ചാണ് ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

ഇടപാടുകാരായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് കോടതി ജാമ്യം നല്‍കി. ബെംഗളൂരുവില്‍ നിന്ന് പെണ്‍വാണിഭത്തിനായി കടത്തിക്കൊണ്ടുവന്ന രണ്ട് സ്ത്രീകളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. പ്രതികളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് കോഴിക്കോട് സ്വദേശികളായ സ്ത്രീകളെ ഉള്‍പ്പെടെ പെണ്‍വാണിഭത്തിന് ഉപയോഗിക്കുന്നതായി പൊലീസ് കണ്ടെത്തി.

വെബ്‌സെറ്റില്‍ ഫോണ്‍ നമ്പര്‍ നല്‍കി ഇടപാടുകാരുമായി ബന്ധപ്പെടുന്നതാണ് ഇവരുടെ രീതി. ഡി.സി.പി ഇ.കെ.ബൈജുവിന്റെ നിര്‍ദ്ദേശപ്രകാരം കസബ ഇന്‍സ്‌പെക്ടര്‍ എന്‍.പ്രജീഷ്, ടൗണ്‍ എ.സി.പി ബിജുരാജ്, എസ്.ഐ റസാഖ്, രജീഷ്, സാഹിറ, ശ്രീജേഷ് വെള്ളാനൂര്‍, നിറാസ്, വിഷ്ണുപ്രഭ, രതീഷ്, എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.