കാനത്തില്‍ ജമീല കത്തയച്ചു, മന്ത്രി വി അബ്ദുറഹ്മാന്‍ ഇടപെട്ടു; കൊയിലാണ്ടി ഹാര്‍ബറിന്റെ ഓവുചാല്‍ നിര്‍മാണത്തിന് 22.30 ലക്ഷം രൂപ അനുവദിച്ചു
കൊയിലാണ്ടി: ഹാര്‍ബറിലെ മലിനജലത്തിന് ഇനി പരിഹാരമാകും. കാലങ്ങളായി കെട്ടികിടക്കുന്ന മലിനജലം ഹാര്‍ബറിന്റെ സുഗമമായ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. ഈ പ്രശ്‌നത്തിനാണ് പരിഹാരം ആകാന്‍ പോകുന്നത്.
പ്രശ്‌നം മത്സ്യബന്ധന വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാനെ അറിയിച്ച് എം.എല്‍.എ കാനത്തില്‍ ജമീല കത്ത് നല്‍കിയിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് റോഡ് മുതല്‍ ഹാര്‍ബര്‍ വരെയുള്ള ഓവുചാല്‍ നീട്ടുന്നതിന് മത്സ്യബന്ധന വകുപ്പ് 22.30 ലക്ഷം രൂപ അനുവദിച്ചു.
ഹാര്‍ബറിലെ മലിനജല പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ഉടന്‍ തന്നെ ഓവുചാലിന്റെ പണി ആരംഭിക്കുമെന്നും കാനത്തില്‍ ജമീല എം.എല്‍.എ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇക്കാര്യം കാനത്തില്‍ ജമീല എം.എല്‍.എ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണ രൂപത്തില്‍:
കൊയിലാണ്ടി ഫിഷിംഗ് ഹാർബറിൽ കെട്ടികിടക്കുന്ന മലിനജലം ഹാർബറിന്റെ സുഗമമായ പ്രവർത്തങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നത് ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ അത് പരിഹരിക്കാൻ ആവശ്യമായ ഡ്രെയിൻ (ഓവുചാൽ ) നിർമ്മിക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് ബഹു.മത്സ്യബന്ധന വകുപ്പ് മന്ത്രി ശ്രീ.വി അബ്ദുറഹ്മാന് കത്ത് നൽകിയിട്ടുണ്ടായിരുന്നു.
ആയതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി കസ്റ്റംസ് റോഡ് മുതൽ ഫിഷിംഗ് ഹാർബർ വരെയുള്ള ഡ്രെയിൻ (ഓവുചാൽ) ദീർഘിപ്പിക്കുന്നതിന് മത്സ്യ ബന്ധന വകുപ്പ് (ഹാർബർ എഞ്ചിനീയറിംഗ് ) 22.30 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
summary: Sewage problem in Koilandi Harbor will be solved soon