മിഠായി വാങ്ങി കഴിച്ച് ദേഹാസ്വാസ്ഥ്യം; നാദാപുരത്ത് ഏഴ് വിദ്യാർത്ഥികൾ ആശുപത്രിയിൽ


Advertisement

നാദാപുരം: കടയിൽ നിന്ന് മിഠായി വാങ്ങിക്കഴിച്ച വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ഏഴു വിദ്യാർത്ഥികളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരുടെയും നില ഗുരുതരമല്ല. കുമ്മങ്കോട്ടെ കടയിൽനിന്ന് പോപ് സ്റ്റിക് എന്ന മിഠായി വാങ്ങിക്കഴിച്ച കല്ലാച്ചി ഗവ. യു.പി സ്കൂളിലെ വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിനികളായ അഷ്‌നിയ, അനന്യ, അമലിക, ഹൃദുപര്‍ണ, മുഖള്‍ ടിങ്കള്‍ എന്നിവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

Advertisement

ഇന്നലെ ഉച്ചയോടെയാണ് കുട്ടികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ആരംഭിച്ചത്. വൈകുന്നേരമായപ്പോഴേർക്കും പെട്ടന് ഇവർക്കെല്ലാം പനിയും ഛർദിയും അനുഭവപ്പെടുകയായിരുന്നു. ഉടനെ തന്നെ അധ്യാപകർ കുട്ടികളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

Advertisement

അഞ്ചു സെന്റി മീറ്ററോളം വരുന്ന പ്ലാസ്റ്റിക് സ്റ്റിക്കിനുള്ളിൽ ദ്രവരൂപത്തിലുള്ള വസ്തു നിറച്ചതാണ് പോപ്സ്റ്റിക്ക്. ഇത് കഴിച്ചാണ് കുട്ടികൾ വയ്യാതെ ആയതെന്നാണ് നിഗമനം.

Advertisement

വിവരം അറിഞ്ഞതിനെ തുടർന്ന് സമീപത്തെ കടകളിൽ ആരോഗ്യവകുപ്പിന്റെ റെയ്ഡ് നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ വരിക്കോളി, കുമ്മങ്കോട് ഭാഗങ്ങളിൽനിന്നുള്ള കടകളിൽനിന്ന് ഗുണനിലവാരമില്ലാത്ത നിരവധി മിഠായികളും മധുരപലഹാരങ്ങളും പിടിച്ചെടുത്തു. വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലിയും പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി.