മുത്താമ്പിയില്‍ കോണ്‍ഗ്രസ് കൊടിമരത്തിനായി ഗാന്ധിയന്‍ മാര്‍ഗത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ പുതുക്കുടി നാരായണന് ഇന്‍കാസ് കോഴിക്കോടിന്റെ ആദരം; പാരിതോഷികമായി ലഭിച്ച തുക പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കി നാരായണേട്ടന്‍


കൊയിലാണ്ടി: മുത്താമ്പിയില്‍ നശിപ്പിക്കപ്പെട്ട കോണ്‍ഗ്രസ് കൊടിമരം പുനഃസ്ഥാപിക്കാനായി ഗാന്ധിയന്‍ മാര്‍ഗത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തി ശ്രദ്ധേയനായ പുതുക്കുടി നാരായണനെ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആദരിച്ചു. വടകര എം.പി കെ.മുരളീധരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഇന്‍കാസ് പ്രഖ്യാപിച്ച പാരിതോഷികവും പുരസ്‌കാരവും കെ.മുരളീധരന്‍ നാരായണന് സമ്മാനിച്ചു. പാരിതോഷികമായി ഇന്‍കാസ് നല്‍കിയ പതിനായിരം രൂപ അദ്ദേഹം പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കി.

ചടങ്ങില്‍ കോണ്‍ഗ്രസ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വി.വി.സുധാകരന്‍ അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍ മുഖ്യാതിഥിയായി.

ഇന്‍കാസ് ഭാരവാഹികളായ മുഹമ്മദ് ഏറാമല, അഡ്വ. സുനില്‍കുമാര്‍, നസീര്‍ ചെരണ്ടത്തൂര്‍, ഷജീര്‍ ഏറാമല, ആര്‍.ടി.ശ്രീജിത്ത്, പി.രത്‌നവല്ലി, വി.ടി.സുരേന്ദ്രന്‍, രാജേഷ് കീഴരിയൂര്‍, ടി.കെ.നാരായണന്‍, കെ.പി.നിഷാദ് എന്നിവര്‍ സംസാരിച്ചു.

മുത്താമ്പിയിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ജൂണ്‍ 17 ന് കോണ്‍ഗ്രസിന്റെ കൊടിമരം നശിപ്പിക്കപ്പെട്ടത്. കൊടിമരത്തില്‍ വീണ്ടും മൂവര്‍ണ്ണ ചായം പൂശി കൊടി ഉയര്‍ത്തിയാല്‍ മാത്രമേ താന്‍ ജലപാനം കഴിക്കൂ എന്ന ഉറച്ച തീരുമാനത്തോടെയാണ് മുതിർന്ന കോൺഗ്രസ് പ്രവർത്തകനും ചുമട്ട് തൊഴിലാളിയുമായ നാരായണന്‍ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു.

അധികം താമസിക്കാതെ തന്നെ അദ്ദേഹത്തിന്റെ പ്രതിഷേധം വിജയം കണ്ടു. കൊടിമരത്തില്‍ പതാക ഉയര്‍ത്തിയ ശേഷം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ടി.സിദ്ദിഖും ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാറും ചേര്‍ന്ന് നാരങ്ങാനീര് നല്‍കിയാണ് അദ്ദേഹത്തിന്റെ സമരം അവസാനിപ്പിച്ചത്. സമരത്തിന് ശേഷം കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ നാരായണനുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. ഇതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.

വീഡിയോ കാണാം: