‘അയലണ്ട് മത്തിണ്ട് ചെമ്മീനിണ്ട്… വന്നോളീ, മീൻ വാങ്ങി പോയിക്കോളീ…’; കൊല്ലത്തെ പുതിയ മാർക്കറ്റിൽ മത്സ്യവിൽപ്പന ആരംഭിച്ചു


കൊയിലാണ്ടി: കൊല്ലം ടൗണില്‍ പുതുതായി നിര്‍മ്മിച്ച മത്സ്യമാര്‍ക്കറ്റില്‍ മീന്‍ വില്‍പ്പന ആരംഭിച്ചു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് കൊയിലാണ്ടി നഗരസഭ നിര്‍മ്മിച്ച കൊല്ലം മത്സ്യമാര്‍ക്കറ്റ് മാര്‍ച്ച് 18 ന് ഉദ്ഘാടനം ചെയ്തത്. മന്ത്രി എ.കെ.ശശീന്ദ്രനായിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

കൊയിലാണ്ടിയുടെ വികസനമുന്നേറ്റത്തിന്റെ ഭാഗമായാണ് കൊല്ലം ടൗണില്‍ ദേശീയപാതയ്ക്ക് സമീപമായി പുതിയ മാര്‍ക്കറ്റ് നിര്‍മ്മിച്ചത്. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഒന്നര കോടി രൂപ ചെലവില്‍ സ്ഥലം ഏറ്റെടുത്താണ് ആധുനിക സൗകര്യങ്ങളോടെയുള്ള മാര്‍ക്കറ്റ് നിര്‍മ്മിച്ചത്.

പിഷാരികാവ് ക്ഷേത്രവും പാറപ്പള്ളിയും സ്ഥിതി ചെയ്യുന്ന കൊല്ലത്തിന്റെ ഭാവി വികസനത്തിന് പുതിയ മാര്‍ക്കറ്റ് മുതല്‍ക്കൂട്ടാകും. കൊണ്ടാടുംപടി ക്ഷേത്രത്തിന് സമീപമുള്ള നിലവിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള മത്സ്യമാര്‍ക്കറ്റാണ് പുതുതായി നിര്‍മ്മിച്ച മാര്‍ക്കറ്റിലേക്ക് മാറിയത്.

ആറ് ഷോപ്പുകളും 22 ഓളം മത്സ്യം മത്സ്യവില്‍പ്പനക്കാര്‍ക്ക് കച്ചവടം നടത്താനുള്ള സൗകര്യവും പുതിയമാര്‍ക്കറ്റിലുണ്ട്. മാര്‍ക്കറ്റിന്റെ വിപുലീകരണത്തിനായുള്ള ഫണ്ട് പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ മുകളിലെ നില കൂടി സൗകര്യപ്രദമാക്കുന്ന രീതിയിലാണ് വിപുലീകരണ പദ്ധതികള്‍ നടക്കുക. മാര്‍ക്കറ്റ് വിപുലീകരിക്കുന്നതോടെ സൗകര്യങ്ങളും വര്‍ധിക്കും.

മത്സ്യവില്‍പ്പന ആരംഭിച്ച ആദ്യദിനം നിരവധി പേരാണ് കൊല്ലം മാര്‍ക്കറ്റിലെത്തി മീന്‍ വാങ്ങിയത്. വിശാലമായ പുതിയ മാര്‍ക്കറ്റിലെ കച്ചവടം പഴയ മാര്‍ക്കറ്റിലെതിനെക്കാള്‍ മെച്ചമാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.