പ്രായം എണ്‍പത്തിയഞ്ചുണ്ടെങ്കിലും സാധനങ്ങളെല്ലാം നടന്നുപോയി വാങ്ങും; കാട്ടിലപീടികയിലെ സ്‌കൂട്ടറപകടം കവര്‍ന്നത് എല്ലാവരുടെയും പ്രിയ്യപ്പെട്ട മാധവിയമ്മയെ


കാട്ടിലപീടിക: എണ്‍പത്തിയഞ്ച് വയസ്സുണ്ടെങ്കിലും പ്രായാധിക്യവും ക്ഷീണവുമൊന്നും ശരീരത്തെ തളര്‍ത്താന്‍ മാധവിയമ്മ അനുവദിച്ചിരുന്നില്ല. ഏറെ ദൂരം നടന്ന് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിലും അയല്പക്കങ്ങള്‍ സന്ദര്‍ശിക്കുന്നതിലും കാട്ടില്‍പീടിക വെങ്ങളം തൊണ്ടിയില്‍ മാധവിയമ്മയ്ക്ക് ഒരു മടിയുമില്ലായിരുന്നുവെന്ന് സമീപവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

പതിവ് പോലെ ഇന്നലെയും അങ്ങനെ നടന്നു പോകവെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് മാധവിയമ്മയെ സ്‌കൂട്ടര്‍ ഇടിച്ചത്. രണ്ടു പെണ്‍കുട്ടികള്‍ സഞ്ചരിച്ചിരുന്ന ആക്‌സസ്സ് സ്‌കൂട്ടറാണ് അപകടത്തിന് കാരണമായത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം നടന്നത്.

മാധവിയമ്മ സ്‌കൂട്ടര്‍ ഇടിച്ച് വീണെങ്കിലും പുറമെ പരിക്കുകളൊന്നും കാണാനില്ലായിരുന്നു. അല്‍പ്പം കാലുവേദന ഉണ്ടെന്നു മാത്രമാണ് പറഞ്ഞിരുന്നത്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലത്തിച്ചു. കാലിന് പൊട്ടലുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആശുപത്രിയിലെത്തിയ ഉടനെ തന്നെ മാധവിയമ്മ ശര്‍ദ്ദിക്കുകയും തുടര്‍ന്ന് സ്ഥിതി ഗുരുതരമാവുകയായിരുന്നു. ഉടനെ തന്നെ വെന്റിലറിലേക്ക് മാറ്റിയെങ്കിലും ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മരണപ്പെടുകയായിരുന്നു.

ഭര്‍ത്താവ് കണ്ടന്‍കുട്ടിയുടെ മരണത്തോടെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു മാധവിയുടെ താമസം. ഇവര്‍ക്ക് മക്കളില്ലായിരുന്നു. മാധവിക്കു കൂട്ടായി സമീപ കാലത്ത് സഹോദരി വന്നു നില്‍ക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

അപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.