ചെങ്ങന്നൂരില്‍ വിദ്യാർഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു


ചെങ്ങന്നൂര്‍: വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് തിപിടിച്ചത്. ഇന്ന് രാവിലെ 8.30- ഓടെ ആല- പെണ്ണൂക്കര ക്ഷേത്രം റോഡിലാണ് സംഭവം.

യാത്രക്കിടയിൽ ബസിൽ നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു. ബസില്‍ 17 കുട്ടികളാണുണ്ടായിരുന്നത്. ഇവർ എല്ലാവരും സുരക്ഷിതരാണ്.

ചെങ്ങന്നൂരില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീ അണച്ചു. പോലീസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ബസില്‍ പരിശോധന നടത്തി.