ഐക്യദാര്‍ഢ്യ പക്ഷാചരണത്തോടനുബന്ധിച്ച് ലഹരി ബോധവല്‍ക്കരണവും മാനസിക ആരോഗ്യ പ്രാധാന്യ ക്ലാസും സംഘടിപ്പിച്ച് പട്ടികജാതി വികസന വകുപ്പ്
കൊയിലാണ്ടി: മാനസിക ആരോഗ്യ പ്രാധാന്യവും ലഹരി ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ച് പട്ടികജാതി വികസന വകുപ്പ്. ഐക്യദാര്‍ഢ്യ പക്ഷാചരണത്തോടനുബന്ധിച്ചാണ് ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്.
കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കുറുവങ്ങാട് ഐ.ടി.ഐ വിദ്യാര്‍ത്ഥികളും ഗുണഭോക്താക്കളും പങ്കെടുത്തു. തുടര്‍ന്ന് വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷൈനി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. കൂടാതെ കൊയിലാണ്ടി നഗരസഭ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ അനുഷ്മ ജീവിതത്തില്‍ മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ക്ലാസും നടത്തി.
പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന ഓഫീസര്‍ അനിതകുമാരി സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍, നഗരസഭ കൗണ്‍സിലര്‍ പ്രമോദ് എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.