സത്യജിത് റായ് ഫിലിം സൊസൈറ്റി പുരസ്‌കാരം നേടിയെടുത്ത് കൊയിലാണ്ടിക്കാരന്‍; കോവിഡ് കാലത്തെ കുട്ടികളുടെ കഥ പറഞ്ഞ് പ്രശാന്ത് ചില്ലയുടെ മഞ്ചാടി


കൊയിലാണ്ടി: സത്യജിത് റായ് ഫിലിം സൊസൈറ്റിയുടെ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം നേടി പ്രശാന്ത് ചില്ല. കൊയിലാണ്ടി സ്വദേശിയായ പ്രശാന്ത് ചില്ല സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം മഞ്ചാടിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. കോവിഡ് കാലത്ത് കുട്ടികള്‍ക്കായി നിര്‍മിച്ച ചിത്രമാണ് മഞ്ചാടി.

കോവിഡ് കാലത്ത് വീടിനകത്ത് ഒറ്റപ്പെട്ടു പോയ കുട്ടികളുടെ മാനസികാവസ്ഥയാണ് കഥയുടെ ഇതിവൃത്തം. കുട്ടികള്‍ക്കും സ്വതന്ത്രമായി സഞ്ചരിക്കാനും പ്രകൃതിയുമായി അടുത്തിടപഴകാനുമെല്ലാം അവകാശമുണ്ടെന്ന് ചിത്രത്തിലെ അപ്പു എന്ന കേന്ദ്ര കഥാപാത്രം തന്മയത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പ്രശാന്ത് ചില്ലയാണ്. സാധാരണ വീടുകളിലടക്കം കോവിഡ് കാലത്ത് കുട്ടികള്‍ അകത്തിരുന്ന് പഠിക്കുന്ന സമ്പ്രദായം വന്നപ്പോള്‍ കുട്ടിള്‍ക്കും അവരുടേതായ സ്വാതന്ത്ര്യം വേണമെന്നുള്ളതാണ് ചിത്രത്തിലൂടെ പറയാന്‍ ശ്രമിച്ചതെന്ന് സംവിധായകന്‍ പ്രശാന്ത് ചില്ല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വൈഷ്ണവ് പ്രശാന്ത് സംവിധായകന്‍ പ്രശാന്ത് ചില്ലയുടെ മകനാണ്. വൈഷ്ണവിന് ഏകദേശം ആറോളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മികച്ച ബാല നടനുള്ള പി.ജി ആന്റണി ദേശീയ പുരസ്‌കാരം, മലബാര്‍ സഹൃദയ വേദി മികച്ച ബാലനടന്‍, വൈലോപ്പിള്ളി സിറ്റ തിരുവനന്തപുരം സംഘടിപ്പിച്ച ഫെസ്റ്റിവലില്‍ മികച്ച ബാലനടന്‍ തുടങ്ങിയ അവാര്‍ഡുകളാണ് നേടിയെടുത്തത്. കൊല്ലം യു.പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അമ്മ രശ്മി.

നിര്‍മാണം ഉജീഷ് പുനത്തില്‍ പീഷാരികാവ്, കാമറ റോബിന്‍ ബി.ആര്‍, എഡിറ്റിംഗ് കിഷോര്‍ മാധവന്‍, അസോസിയേറ്റ് സംവിധായകന്‍ സുബോദ് ജീവന്‍, സംഗീതം ലിജിത് അഡാസ്, പോസ്റ്റര്‍ ദിനേഷ് യു.എം എന്നിവരാണ് നിര്‍വഹിച്ചത്. അഞ്ച് മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. സഹ അഭിനേതാക്കള്‍ മണിദാസ് പയ്യോളി, ഷിനു നാരായണന്‍, ഗായത്രി ഷാലു രാജ്. 2021 നവംബറിലാണ് ചിത്രം പുറത്തിറക്കിയത്.

ഇതിനോടകം 60000 ഓളം പേര്‍ ചിത്രം കണ്ടിട്ടുണ്ട്. ഫെബ്രുവരി 17 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് കൈമാറും.