പന്തുരുളുന്നതിന് മണിക്കൂറുകള്‍ മുമ്പ് തന്നെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു; സന്തോഷ് ട്രോഫി സെമി പോരാട്ടത്തിനായി കേരളം ഒരുങ്ങി


മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മത്സരത്തിനായി പയ്യനാട് സ്റ്റേഡിയം ഒരുങ്ങി. എട്ടരയ്ക്ക് ആരംഭിക്കുന്ന മത്സരത്തില്‍ ആതിഥേയരായ കേരളം അയല്‍ക്കാരായ കര്‍ണ്ണാടകയെയാണ് നേരിടുക.

ആവേശം അലതല്ലുന്ന സെമി ഫൈനല്‍ കാണാനായി പയ്യനാട്ടേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ ഉള്ളപ്പോള്‍ തന്നെ സ്‌റ്റേഡിയം നിറഞ്ഞിരുന്നു. നോമ്പ് തുറക്കാനുള്ള വിഭവങ്ങളുമായാണ് ഭൂരിഭാഗം പേരും എത്തിയത് എന്നറിയുമ്പോള്‍ മനസിലാകും മലപ്പുറത്തുകാരുടെ ഫുട്‌ബോള്‍ സനേഹത്തിന്റെ തീവ്രത.

കേരളം ഇരുപത്തിയഞ്ചാം തവണയാണ് സന്തോ് ട്രോഫി സെമിയില്‍ എത്തുന്നത്. സെമി പ്രവേശനത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കാന്‍ തന്നെയാണ് കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് ഗ്യാലറി കാണിച്ചു തരുന്നത്. ഇനിയൊരു വിജയം കൂടി മാത്രം മതി അവര്‍ക്ക്.

ഗ്രൂപ്പ് ഘട്ടത്തില്‍ വെസ്റ്റ് ബംഗാളും പഞ്ചാബും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ മൂന്ന് ജയവും ഒരു സമനിലയുമായി തോല്‍വി അറിയാതെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ആണ് കേരളം സെമിക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് മത്സരത്തില്‍ രാജസ്ഥാന്‍, വെസ്റ്റ് ബംഗാള്‍, പഞ്ചാബ് എന്നീ ടീമുകളെയാണ് കേരളം തോല്‍പ്പിച്ചത്. മേഘാലയയോട് സമനില വഴങ്ങി.

ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ആണ് കര്‍ണാടക സെമിക്ക് യോഗ്യത നേടിയത്. പരിശീലകന്‍ അടക്കം അഞ്ച് മലയാളി താരങ്ങള്‍ കര്‍ണാടക ടീമിലുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്. മലയാള മൊഞ്ചുള്ള തന്ത്രങ്ങളുമായാണ് ഇരുടീമുകള്‍ ഇന്ന് കളത്തിലിറങ്ങുക.

[bot1]

ഒരിക്കല്‍ പോലും സന്തോഷ് ട്രോഫി ഫൈനലില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടില്ലെങ്കിലും നിര്‍ണായക സെമി ഫൈനല്‍ മത്സരങ്ങളില്‍ എല്ലാം കേരളത്തിന് മുന്നില്‍ കര്‍ണാടകയാണ് പ്രത്യക്ഷപ്പെടാറ്. കേരളം രൂപീകരിക്കും മുമ്പേ തിരു-കൊച്ചി ടീം ആദ്യമായി ഒരു സന്തോഷ് ട്രോഫി മത്സരം കളിക്കുന്നത് മൈസൂരിന് (നിലവില്‍ കര്‍ണാടക) എതിരെയാണ്.